വനിതാ എംഎൽഎമാരെ കയറിപ്പിടിച്ചു;വി.ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി!! നിയമസഭാ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഇ.പി ജയരാജന്‍

കൊച്ചി:നിയമസഭാ കയ്യാങ്കളിക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ സര്‍ക്കാരിനുമെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. സംഘർഷം തുടങ്ങിയത് യുഡിഎഫാണെന്നും എൽഡിഎഫ് അംഗങ്ങൾക്ക് നേരെ ശക്തമായ ആക്രമണമുണ്ടായെന്നുമാണ് വീഡിയോ ദൃശ്യങ്ങളടക്കം തെളിവായുള്ള കേസിൽ ഇ.പി ജയരാജൻ ഉയർത്തുന്ന വിചിത്ര വാദം.നിയമസഭയുടെ ചരിത്രത്തില്‍ ഭരണകക്ഷി ചെയ്യാന്‍ പാടില്ലാത്തെ ക്രൂര കൃത്യമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

നിയമസഭയില്‍ സംഘര്‍ഷമുണ്ടായതിന്റെ തലേ ദിവസം തന്നെ യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ തമ്പടിച്ചു. യുഡിഎഫ് അംഗങ്ങള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഈ ആസൂത്രിതമായ നീക്കത്തെ പ്രതിപക്ഷം പ്രതിരോധിക്കുകയാണ് ചെയ്തതെന്നും ഇ പി ജയരാജന്‍ പ്രതികരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫ് പ്രക്ഷോഭത്തിലൂടെ ബജറ്റ് അവതരിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷത്തെ അവഹേളിച്ചെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വിമര്‍ശിച്ചു. അന്ന് സ്വാഭാവിക പ്രതിഷേധമാണ് സഭയിലുണ്ടായത്. പ്രതിഷേധത്തെ കായികമായി നേരിട്ടതാണ് കയ്യാങ്കളിയായി മാറ്റിയത്.

യുഡിഎഫ് അംഗങ്ങള്‍ വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന് ജയരാജന്‍ ആരോപിച്ചു. വനിതാ എംഎല്‍എമാരും യുഡിഎഫിന്റെ അതിക്രമം നേരിട്ടു. അവര്‍ ചെയ്ത അക്രമങ്ങളുടെ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതിപക്ഷത്തെ വനിതാ അംഗങ്ങളെയും അവര്‍ കയ്യേറ്റ ചെയ്തു. എന്നാല്‍ സംഭവത്തില്‍ കേസെടുത്തത് ഏകപക്ഷീയമായിട്ടാണ്.

വനിതാ അംഗങ്ങളുടെ പരാതിയില്‍ കേസെടുത്തതിന്റെ ഭാഗമായി യുഡിഎഫിന്റെ രണ്ടംഗങ്ങള്‍ വാറന്റ് നേരിടുന്നുണ്ട്. വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ കാരണം. അതിക്രമം നടത്തിയ യുഡിഎഫ് എംഎല്‍എമാരെ കേസില്‍ നിന്നൊഴിവാക്കിയെന്നും അന്നത്തെ സ്പീക്കര്‍ നിസഹായാവസ്ഥ പ്രകടിപ്പിച്ചുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

നിയമസഭയുടെ അവകാശങ്ങള്‍ തകര്‍ക്കാനാണ് യുഡിഎഫ് അംഗങ്ങള്‍ ശ്രമിച്ചത്. രാഷ്ട്രീയ പക തീര്‍ക്കാനുള്ള തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴും കേസ് നടക്കുന്നത്. അന്നത്തെ ഭരണപക്ഷമായിരുന്നു സംഘര്‍ഷത്തിന്റെയെല്ലാം ഉത്തരവാദികള്‍’.എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.

Top