തിരുവനന്തപുരം: വി.ടി.ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ ഉണ്ടായ സി.പി.എം അക്രമണത്തെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ശക്തമായി പ്രതിഷേധിച്ചു. അഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കാനും സ്വത്തുവകകള്‍ നശിപ്പിക്കാനുമുള്ള സി.പി.എമ്മിന്റെ ശ്രമം കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബല്‍റാം ഒറ്റയ്ക്കല്ല. കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തോടൊപ്പം ഉണ്ട്. ബല്‍റാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ സി.പി.എമ്മിന് കനത്ത വില നല്‍കേണ്ടിവരുമെന്ന് നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. സി.പി.എമ്മിന്റെ ആക്രമണത്തെ കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും. സി.പി.എമ്മിന് കനത്ത തിരിച്ചടി നല്‍കാന്‍ ശക്തിയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സി.പി.എം മനസിലാക്കിയാല്‍ നന്നായിരുന്നു.
അസഹിഷ്ണുതയെപ്പറ്റിയും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും സംസാരിക്കുന്നവരാണ് ഇപ്പോള്‍ വിഷയത്തെ ആശയപരമായി നേരിടുന്നതിനുപകരം അക്രമവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതാണ് സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ആശയപരമായി ചര്‍ച്ച നടത്താന്‍ സി.പി.എമ്മിന് അറിയില്ല. ഹെലികോപ്റ്റര്‍ വിവാദവും ഓഖി ദുരന്തനിവാരണത്തിലെ വീഴ്ചയും കൂപ്പര്‍ യാത്രയും സര്‍ക്കാരിന്റെ ഭരണപരാജവും മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ നടത്തിയ അക്രമണം. കൈയൂക്കിന്റെ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ലെന്നും സനല്‍ വ്യക്തമാക്കി.