തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് ക്യാംപില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി വിശകലനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യല്‍. കേസിലെ ഒന്നാം പ്രതി സരിത്ത് എം ശിവശങ്കരന് എതിരെ മൊഴി നല്‍കിയിരുന്നു.നാലുമണിയോടെയാണ് ശിവശങ്കരന്‍ വീട്ടില്‍ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് എത്തിയത്. ഔദ്യോഗിക ചോദ്യം ചെയ്യലാണോ എന്നത് അടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ അറിയിച്ചിട്ടില്ല.
രണ്ട് ദിവസം മുന്‍പ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ നല്‍കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിരുന്നു. സ്വര്‍ക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് അറിയാം എന്ന് മൊഴി നല്‍കിയത് സരിത്ത് മാത്രമാണ്. സന്ദീപും സ്വപ്‌നയും സ്വര്‍ണക്കടത്ത് ശിവശങ്കറിന് അറിയില്ലെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്.
മൊഴി വിശദമായി പരിശോധിച്ചതിന് ശേഷം കസ്റ്റംസ് ശിവശങ്കരനെ രണ്ടാമതും ചോദ്യം ചെയ്യാനിരിക്കെയാണ് എന്‍ഐഎ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നവരുമായി എം ശിവശങ്കരന് അടുത്ത ബന്ധമുളളതായുളള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്ത് വന്നിട്ടുളളതാണ്. സ്വപ്‌ന സുരേഷുമായുളള ബന്ധം വിവാദമായതിന് പിന്നാലെ എം ശിവശങ്കരനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു.