
അബുജ: നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടു പോയ പെൺകുട്ടികളിൽ അവസാന ആളെ മോചിപ്പിക്കും വരെ പോരാടുമെന്ന് നൈജീരിയൻ സർക്കാർ. ബന്ദിയാക്കപ്പെട്ട പെൺകുട്ടികളിൽ ആരെയും കൈവിടില്ല. ഭീകരരുടെ തടങ്കലിലുള്ള അവസാന പെൺകുട്ടിയെ മോചിപ്പിക്കും വരെ ശ്രമങ്ങൾ തുടരുമെന്നും പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു. ദാപ്ചിയിൽ കഴിഞ്ഞമാസമാണ് ഗേൾസ് സ്കൂൾ ആക്രമിച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 19ന് സ്കൂൾ ആക്രമിച്ച് 110 പെൺകുട്ടികളെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ഇവരിൽ 104 പേരെ സർക്കാർ മോചിപ്പിച്ചു. അഞ്ചു പെൺകുട്ടികൾ മരിച്ചെന്നാണ് വിവരം. ഒരു കുട്ടിയെ ഇപ്പോഴും തടവിൽ പാർപ്പിച്ചിരിക്കുകയാണ്. ക്രിസ്ത്യാനിയായ ഈ പെൺകുട്ടി മതപരിവർത്തനത്തിനു വിസ്സമ്മതിച്ചതിനാലാണ് ഇപ്പോഴും തടവിൽ പാർപ്പിച്ചിരിക്കുന്നതെന്നാണ് മോചിപ്പിക്കപ്പെട്ട കുട്ടികളിൽ ഒരാൾ പറയുന്നത്. 2014ൽ ചിബോക് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 276 പെൺകുട്ടികളെ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ നൂറോളം പേർ ഇപ്പോഴും ഭീകരരുടെ പിടിയിലാണ്.