ന്യൂഡല്‍ഹി: രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. കേരളം തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം ഉള്ളതായി ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ ഡോ. പ്രജ്ഞാ യാദവ് പറഞ്ഞു.
തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.
അസമിലെ ധുബ്രി ജില്ല, പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹാര്‍ പ്രദേശങ്ങളിലും കേരളത്തിലെ കോഴിക്കോട് ജില്ലയിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതുസംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയിരുന്നില്ല. അതുകൊണ്ടാണ് രാജ്യവ്യാപകമായി സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്ന് ഐ സി എം ആര്‍ -എന്‍ ഐ വി ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഡോ. ഷീലാ ഗോഡ്ബോള്‍ പറഞ്ഞു.