നിപ്പാ വൈറസ് ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന നഴ്‌സും മരിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കാതെ സംസ്‌കരിച്ചു; മരണം പത്തായി

കോഴിക്കോട്: പേരാമ്പ്രയില്‍ പനി ബാധിച്ച് മരിച്ചവരെ പരിചരിച്ചിരുന്ന സ്റ്റാഫ് നഴ്‌സും നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചു. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സും കോഴിക്കോട് ചെമ്പനോട് സ്വദേശിനിയുമായ ലിനിയാണ് ഇന്ന് മരിച്ചത്. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയില്ല. പുലര്‍ച്ചെ തന്നെ ആശുപത്രി അധികൃതര്‍ സംസ്‌കരികരിച്ചു. വൈറസ് ബാധ പടരാതിരിക്കാനാണ് നടപടി.ഇതോടെ കോഴിക്കോടും മലപ്പുറത്തുമായി പനിബാധിച്ച് മരിച്ചവരുടെ മരണം പത്തായി.

മേയ് അഞ്ചിന് വളച്ചുകെട്ടി സാബിത്തിന്റെ മരണം ഉണ്ടായ സമയത്ത് ആരും വലിയ കാര്യമാക്കിയിരുന്നില്ല. 18ന് സഹോദരന്‍ മുഹമ്മദ് സാലിഹ് മരിച്ചതോടെയാണ് പ്രതീക്ഷിക്കാത്ത എന്തോ ഉണ്ടെന്ന് നാട്ടുകാരും ആരോഗ്യ വിഭാഗവും സംശയിച്ച് തുടങ്ങിയത്. അടുത്ത ദിവസംതന്നെ സാലിഹിന്റെ പിതൃസഹോദരന്റെ ഭാര്യയുടെ മരണ വിവരവുമെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരണാനന്തര ചടങ്ങുകള്‍ വേഗത്തില്‍ തന്നെ നടത്താന്‍ നിര്‍ദേശം എത്തിയതോടെ ഉറ്റവരെ അവസാനമായി കാണാന്‍ പോലുമാകാത്തവര്‍ സങ്കടം അടക്കി. മരണം സംഭവിച്ച മുഹമ്മദ് സാലിഹിന്റെയും മറിയത്തിന്റെയും വീട് അടഞ്ഞുകിടക്കുകയാണ്. സാലിഹിന്റെ ഉമ്മയും സഹോദരനും ബന്ധുവീട്ടിലാണുള്ളത്. മറിയത്തിന്റെ ഭര്‍ത്താവ് മൊയ്തു ഹാജിയും ബന്ധുവീട്ടിലേക്ക് മാറിയിരിക്കുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുമ്പോഴും ആരും നിര്‍ബന്ധിക്കാതെതന്നെ വീടൊഴിഞ്ഞ് പോയവരുമുണ്ട്. വീടുകളിലേക്ക് പരസ്പരമുള്ള സഞ്ചാരവും കുറഞ്ഞു.

സര്‍ക്കാരുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വേണ്ട സേവനം ലഭിക്കുന്നില്ലെന്ന പേരില്‍ ഞായറാഴ്ച സൂപ്പിക്കടയിലെത്തിയ ജനപ്രതിനിധികളടക്കമുള്ളവരോട് ഇടയ്ക്കിടെ രോഷപ്രകടനങ്ങളുമുണ്ടായി. പെട്ടെന്ന് രോഗം കണ്ടുപിടിക്കാത്തതിന്റെ പരിഭവങ്ങള്‍ അവര്‍ പങ്കുവെച്ചു. മന്ത്രിമാരടക്കമുള്ളവര്‍ സ്ഥലത്ത് ഇതുവരെ എത്താത്തതിന്റെ പരാതിയുമുണ്ടായി. ഒഴിഞ്ഞുപോയ വീടുകളില്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും പോലീസ് ശ്രദ്ധയുണ്ടാകുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു. ഇതിനെല്ലാമിടയ്ക്ക് എല്ലാത്തിനും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ജനങ്ങളുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കുന്നതിലും മണിപ്പാലില്‍നിന്ന് എത്തിയ മെഡിക്കല്‍ സംഘത്തിന് വഴികാട്ടാനും അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു.

Top