പനി പേടിച്ച് കുടിയന്മാര്‍ കള്ളുകുടി നിര്‍ത്തി; കേരളത്തില്‍ കള്ളുവില്‍പ്പനയില്‍ വന്‍ ഇടിവ്

കോഴിക്കോട്: വൈറസ് പകരുന്നത് വവ്വാലിലൂടെയാണെന്ന് കണ്ടെത്തിയതോടെ സംസ്ഥാനത്തെ കള്ളു വില്‍പ്പന കുത്തനെ ഇടിഞ്ഞു. കോട്ടയത്തെ മലയോര മേഖലകളിലും ആലപ്പുഴയിലുമാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. 200 ലിറ്റര്‍ കള്ളു വിറ്റുകൊണ്ടിരുന്നിടത്ത് ഇപ്പോള്‍ പകുതിപ്പോലും വില്‍ക്കുന്നില്ല.

കള്ളു ചെത്തുന്ന കുലകളില്‍ തൂങ്ങിക്കിടന്നാണു വവ്വാലുകള്‍ കള്ളു കുടിക്കുന്നത്. ഇങ്ങനെ വവ്വാലുകള്‍ കള്ളു കുടിക്കുമ്പോള്‍ വവ്വാലിന്റെ സ്രവവും കാഷ്ഠവും കള്ളു ശേഖരിക്കുന്ന കലത്തില്‍ വീഴുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ഇത് വൈറസിന്റെ വ്യാപനത്തിന് കാരണമായേക്കും. വവ്വാലിനെ പിടിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും പലരും പനങ്കുലയിലും തെങ്ങിന്‍കുലയിലും മുള്ളുകള്‍ നിരത്തി വവ്വാലിനെ പിടിക്കാറുണ്ട്.

നിപ വൈറസിന്റെ പശ്ചാത്തലത്തില്‍ വവ്വാലകളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ഒഴിവാക്കണം. തുറന്നുവച്ച പാത്രങ്ങളില്‍ ശേഖരിക്കുന്ന കള്ളു കുടിക്കുന്നത് ഒഴിവാക്കുക. വവ്വാല്‍ എല്ലായിടത്തും എത്താറുള്ളതിനാല്‍ കഴിയുന്നതും ഇവയുടെ സാന്നിദ്ധ്യത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് ഏകമാര്‍ഗം.

നിപ്പാ വൈറസുമായി ബന്ധപ്പെട്ട് പല വ്യാജ പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വഴി നടക്കുന്നുണ്ട്. ചിക്കന്‍, ബീഫ് എന്നിവ കഴിക്കുന്നത് വൈറസ് ബാധയേല്‍ക്കുമെന്ന തരത്തിലും പ്രചരണമുണ്ടായി. എന്നാല്‍ ഈ പ്രചരണങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Top