കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഭീതി പടര്‍ത്തിയ നിപ്പ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത. പഴംതീനി വവ്വാലുകളാണ് വൈറസ് ബാധയ്ക്ക് കാരണമാകുന്നതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘം സ്ഥിരീകരിച്ചു. ആദ്യഘട്ട പരിശോധനയ്ക്കായി ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ലെന്നും പ്രാണികളെയും ചെറുജീവികളെയും തിന്നുന്നവയായിരുന്നെന്നും അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയതെന്നുമാണ് റിപ്പോര്‍ട്ട്.
രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്റെ വിശദീകരണത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസാണ് വിവരം പുറത്ത് വിട്ടത്. കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ പ്രതികരിച്ചിട്ടുണ്ട്. പേരാമ്പ്ര മേഖലയില്‍ നിന്ന് കണ്ടെത്തിയ വവ്വാലുകളില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
അതേസമയം, നിപ്പ ആശങ്ക പൂര്‍ണമായും നീങ്ങിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചിരുന്നു. നിപ്പ വൈറസിന്റെ വ്യാപനം അവസാനിച്ചു. കുറച്ച് നാള്‍ കൂടി നിരീക്ഷണം തുടരും. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ പന്ത്രണ്ടാം തീയതി തന്നെ തുറക്കും.സമ്മേളനങ്ങള്‍ക്കുള്ള നിയന്ത്രണം ഈ മാസം അവസാനം വരെ തുടരുമെന്നും മന്ത്രി അറിയിച്ചിരുന്നു.
2649 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ 1430 പേര്‍ മാത്രമാണ് ഉള്ളത്. ബാക്കി ഉള്ളവര്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തില്‍ ഉള്ളവരെ ഒറ്റപ്പെടുത്തരുത്. നിപ്പ വൈറസ് ബാധ തടയാന്‍ പരിശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജ പ്രചരണം നടത്തിയ 23 പേരെ അറസ്റ്റ് ചെയ്തുവെന്നും കെ.കെ.ശൈലജ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ മാസറ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കും.കാഷ്യാലിറ്റി നവീകരിയ്ക്കുമെന്നും, ചെസറ്റ് ഹോസ്പിറ്റല്‍ സ്ഥിരം നിരീക്ഷ വാര്‍ഡ് ആക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.