തിരുവനന്തപുരം:നിറപറ’യുടെ മല്ലി,മഞ്ഞള്‍,മുളക് പൊടികള്‍ സംസ്ഥാനത്ത് നിരോധിച്ചു.നിറപറയുടെ കറിപ്പൊടി പായ്ക്കറ്റുകളില്‍ പരിശുദ്ധം എന്ന വ്യാജ അവകാശവാദം ഉന്നയിച്ചതിന് കമ്പനിക്കെതിരെ കേസ്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദം നിറപറയുടെ മുളകുപൊടി, മഞ്ഞള്‍ പൊടി, മല്ലിപൊടി ഉത്പന്നങ്ങളുടെ പായ്ക്കറ്റില്‍ ഉപയോഗിച്ചതിനാണ് കേസെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.ശുദ്ധമാണെന്ന് അവകാശപ്പെട്ട് മായംചേര്‍ന്ന വ്യഞ്ജനപ്പൊടികള്‍ ഉത്പാദിപ്പിക്കുകയും വില്‍ക്കുകയും ചെയ്യുന്നുവെന്ന കാരണത്താലാണ് നിരോധനമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിപണിയിലുള്ള നിരോധിത ഉത്പന്നങ്ങള്‍ എത്രയും പെട്ടന്ന് തിരികെ വിളിച്ച് അക്കാര്യം അറിയിക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, നിരോധനം സംബന്ധിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് കെ.കെ.ആര്‍. ഫുഡ് പ്രോഡക്ട്‌സ് വൈസ് പ്രസിഡന്റ് ബിജു കര്‍ണ്ണന്‍ അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച സാമ്പിളുകള്‍ ഭക്ഷ്യ പരിശോധനാ ലാബുകളില്‍ പരിശോധിച്ചപ്പോള്‍ ഈ വ്യഞ്ജനപ്പൊടികളില്‍ സ്റ്റാര്‍ച്ച് പൗഡര്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ പിഴചുമത്തിയിട്ടും നോട്ടീസ് നല്‍കിയിട്ടും നിര്‍മാതാവ് അത് അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് നിരോധനം അനിവാര്യമായതെന്നും കമ്മിഷണര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതല്‍ പരിശോധനകള്‍ക്കും വിശകലനങ്ങള്‍ക്കും ശേഷമാകും നിരോധനം നീക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാകുകയെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, ഭക്ഷ്യസുരക്ഷാ വിഭാഗം മുമ്പ് നടത്തിയ പരിശോധനകളിലെ ഫലം സംബന്ധിച്ച് അപ്പീല്‍ പോയി പുണെയിലും കൊല്‍ക്കൊത്തയിലുമുള്ള കേന്ദ്ര ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കേരളത്തില്‍ നടത്തിയ പരിശോധനാഫലം തെറ്റാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ബിജു കര്‍ണ്ണന്‍ പറഞ്ഞു.
പ്രതിവര്‍ഷം 600 കണ്ടെയ്‌നര്‍ നിറപറ വ്യഞ്ജനപ്പൊടി കയറ്റുമതി ചെയ്യുന്നുണ്ട്. സ്‌പൈസസ് ബോര്‍ഡ് ലാബിലെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കയറ്റുമതിക്ക് അനുമതി ലഭിക്കുന്നത്. അവിടെയൊന്നും പൊടികള്‍ക്കെതിരെ റിപ്പോര്‍ട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗം മറ്റാര്‍ക്കോ വേണ്ടി തങ്ങളെ ദ്രോഹിക്കുകയാണെന്നും അപ്പീല്‍ പോകുമെന്നും ബിജു കര്‍ണ്ണന്‍ പറഞ്ഞു.