മകന്‍ പൈലറ്റാകാനൊരുങ്ങുകയാണ്; പ്രചരിച്ച വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നിര്‍ഭയയുടെ അമ്മ

ഡല്‍ഹി കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട നിര്‍ഭയയുടെ സഹോദരന്‍ പൈലറ്റാകാനൊരുങ്ങുന്നു എന്നും അതിന് സഹായം ചെയ്തത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. തികച്ചും സൗജന്യമായി പൈലറ്റ് കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ചെയ്തുകൊടുത്തത് രാഹുലാണെന്ന് വിദേശ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നന്ദി പറഞ്ഞ് നിര്‍ഭയയുടെ അമ്മ ആശാദേവി തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. രാഹുല്‍ ഗാന്ധി കാരണം അമാന്‍ (യഥാര്‍ത്ഥ പേരല്ല) ഇപ്പോള്‍ പൈലറ്റാണ്. നിര്‍ഭയ ക്രൂരമായി കൊല്ലപ്പെട്ട ശേഷം മാനസികമായി തളര്‍ന്ന അമാനെ രാഹുല്‍ ഗാന്ധിയുടെ പ്രചോദനവും അദ്ദേഹം നല്‍കിയ പിന്തുണയുമാണ് ഈ നേട്ടത്തിലെത്തിച്ചതെന്നും ആശാദേവി പറയുന്നു. നിര്‍ഭയ ആക്രമിക്കപ്പെടുമ്പോള്‍ പ്ലസ്ടുവിന് പഠിക്കുകയായിരുന്നു അമാന്‍. സംഭവത്തിനുശേഷം കുടുംബത്തിന് പിന്തുണയുമായി വന്ന രാഹുല്‍ അമാന് വിദ്യാഭ്യാസത്തിനാവശ്യമായ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. സ്‌കൂള്‍ കഴിഞ്ഞ് പൈലറ്റ് ട്രെയിനിംഗിനു ചേരാനും രാഹുലാണ് നിര്‍ദ്ദേശിച്ചത്. ആശാദേവി പറയുന്നു. 2013 ല്‍ സിബിഎസ്ഇ പരീക്ഷക്കുശേഷം റായ്ബറേലിയിലെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉരാന്‍ അക്കാദമിയില്‍ അമാന് പ്രവേശനം ലഭിക്കുകയും ചെയ്തു. പഠനത്തിനിടയിലും അമാന്‍ നിര്‍ഭയക്കേസിന്റെ പുരോഗതി അറിയാന്‍ ശ്രമിക്കാറുണ്ടായിരുന്നെന്നും ആശാദേവി കൂട്ടിച്ചേര്‍ത്തു. പഠനത്തിനിടയില്‍ രാഹുല്‍ ഫോണ്‍ വഴി അമാനുമായി ബന്ധപ്പെടാറുണ്ടായിരുന്നെന്നും ഒരിക്കലും പിന്‍മാറരുതെന്ന് പറഞ്ഞിരുന്നതായും ആശാദേവി പറയുന്നു. അന്തിമ പരിശീലനത്തിനായി അമാന്‍ ഗുരുഗ്രാമിലാണിപ്പോഴുള്ളത്. അവന്‍ ഉടന്‍ തന്നെ വിമാനം പറത്താനുള്ള തയ്യാറെടുപ്പിലാണ്. പ്രിയങ്ക ഗാന്ധിയും ഫോണിലൂടെ തന്നെ ബന്ധപ്പെടാറുണ്ടെന്നും ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ആശാദേവി പറഞ്ഞു. 2012 ലാണ് ഡല്‍ഹിയില്‍വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിനിരയാകുന്നതും പിന്നീട് കൊല്ലപ്പെടുന്നതും. അഞ്ചു പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതിലൊരാള്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.

Top