സണ്ണീ ലിയോണിന്റെ ചിത്രത്തിനെതിരെ നടത്തുന്ന സൈബര്‍ ആക്രമണത്തിന് പ്രതികരണമായി അജ്ഞലി അമീര്‍ പറയുന്നു. സില്‍ക്കിനോട് നിങ്ങള്‍ ചെയ്തത് സണ്ണിയോട് ചെയ്യരുത്. രംഗീല ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സലീം കുമാര്‍ എടുത്ത ഫോട്ടോയ്ക്കെതിരെ വരുന്ന കമന്റുകള്‍ക്കുള്ള പ്രതികരണമായാണ് അജ്ഞലി രംഗത്തു വന്നിരിക്കുന്നത്.
ബോളിവുഡ് താരം സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തില്‍ നായികയായി എത്തുന്ന ചിത്രമാണ് രംഗീല. കഴിഞ്ഞ ദിവസം ഗോവയില്‍ വെച്ച് രംഗീലയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ചിത്രത്തില്‍ നടന്‍ സലീം കുമാര്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഷൂട്ടിങ്ങിനിടയില്‍ സണ്ണിയും സലീം കുമാറും ചേര്‍ന്നെടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയുണ്ടായി. ഇതിനെതിരെ ധാരാളം മോശപ്പെട്ട രീതിയിലുള്ള കമന്റുകളും പോസ്റ്റിനു താഴെ വന്നിരുന്നു. അശ്ലീല ചുവയുള്ള ഈ കമന്റുകള്‍ക്കു നേരെയാണ് അജ്ഞലി അമീറിന്റെ പ്രതികരണം.
ഈ ഫോട്ടോ കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. അതിലേറെ മലയാള സിനിമയുടെ വളര്‍ച്ചയില്‍ അഭിമാനവും. എന്നാല്‍ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോള്‍ വിഷമമായി. ഒരു പക്ഷെ തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ എനിക്കു പറയുവാനുള്ളത്, അവര്‍ക്ക് പോണ്‍ സിനിമയിലും ബോളിവുഡ് സിനിമകളിലും കിട്ടുന്ന പേയ്മെന്റിന്റെ 20% മാത്രം കിട്ടുന്ന മലയാളത്തില്‍ അഭിനയിക്കാന്‍ വന്നത് അവര്‍ക്ക് ഇവിടെ കിട്ടുന്ന സ്നേഹവും സ്വീകരണവും സത്യമാണെന്ന് വിശ്വസിച്ചാണ്.
ആ വിശ്വാസം തകര്‍ത്ത് കേരളത്തെയും മലയാളികളേയും പറയിപ്പിക്കരുത്. നമ്മള്‍ സില്‍ക്ക് സ്മിതയോട് ചെയ്തത് ഇവിടെ ആവര്‍ത്തിക്കരുത്. അവര്‍ സന്തോഷിക്കട്ടെ, കൂടാതെ ഒരുപാട് വേഷവും സൗത്ത് ഇന്ത്യയില്‍ ചെയ്യാന്‍ ഭാഗ്യം ലഭിക്കട്ടെ. അജ്ഞലി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.