നോട്ട് നിരോധിക്കല്‍ ഉദ്ദേശിച്ച പ്രയോജനം ഉണ്ടാക്കിയില്ലെന്ന് വീണ്ടും തെളിയുകയാണ്. നോട്ട് നിരോധനത്തിന്റെ കാരണായി പറഞ്ഞിരുന്ന കള്ളനോട്ട് കള്ളപ്പണം എന്നിവയുടെ വ്യാപനവും വിതരണവും തടയാം എന്ന വാദം പൂര്‍ണ്ണമായും പാളിപ്പോയ അവസ്ഥയാണ് ഉള്ളത്. പെട്ടെന്ന് അച്ചടിക്കാന്‍ പറ്റുന്ന സെക്യൂരിറ്റി ഫീച്ചേഴ്‌സ് അധികമില്ലാത്ത രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത് യഥാര്‍ത്ഥത്തില്‍ കള്ളനോട്ടുകാര്‍ക്ക് ഉപകാരമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം തെളിയിച്ചാണ് നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കടന്നു പോകുന്നത്.
യുപിയിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ഗോവയിലും കള്ളപ്പണമൊഴുകുകയായിരുന്നു തിരഞ്ഞെടുപ്പില്‍. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ കൂടുതല്‍ ഇക്കുറി പിടിച്ചെടുത്തുവെന്നത് കേന്ദ്രത്തിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നതിന് തെളിവായി. യുപിയില്‍ ഫെബ്രുവരി 18 വരെ പിടിച്ചെടുത്തത് 109. 79 കോടിയാണ്. 2012-ല്‍ പിടിച്ചെടുത്തതിനെക്കാള്‍ മൂന്നിരട്ടി വരുമിത്. പഞ്ചാബില്‍ അഞ്ചിരട്ടിയും ഉത്തരാഖണ്ഡില്‍ ഇരട്ടിയിലേറെയും കള്ളപ്പണം ഇക്കുറി പിടിച്ചെടുത്തു.
യുപിയില്‍ നാലുഘട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ശേഷിക്കെയാണ്. വന്‍തോതിലുള്ള്‌ള കള്ളപ്പണവേട്ട. കോണ്‍ഗ്രസ്സും സമാജ് വാദി പാര്‍ട്ടിയും കൈകോര്‍ത്തതും ബിജെപി. അധികാരം പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയതും ഭരണത്തിലേക്ക് തിരിച്ചുവരാനുള്ള മായാവതിയുടെ ശ്രമവും യുപിയിലെ തിരഞ്ഞെടുപ്പ് കള്ളപ്പണത്തിന്റെ കേന്ദ്രമാക്കി മാറ്റുകയായിരുന്നു.
പഞ്ചാബില്‍ 58.02 കോടിയാണ് ഇതുവരെ പിടിച്ചെടുത്തത്. 2012-ല്‍ ഇത് വെറും 11.51 കോടിയായിരുന്നു. ഇതിന് പുറമെ 12.43 ലക്ഷം ലിറ്റര്‍ മദ്യവും പിടികൂടിയിട്ടുണ്ട്. മദ്യത്തിന് മാത്രം 13.86 കോടി വരും. 2012-ല്‍ പിടിച്ചെടുത്ത മദ്യത്തിന്റെ മൂല്യം 2.59 കോടിയാണ്. 2598 കിലോ മയക്കുമരുന്നാണ് ഫെബ്രുവരി നാലിന് നടന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പിടിച്ചെടുത്തത്. മയക്കുമരുന്നിന്റെ മൂല്യം 18.26 കോടി. 2012-ല്‍ 54 കോടി രൂപ വിലവരുന്ന 53 കിലോ മയക്കുമരുന്നാണ് പൊലീസ് കണ്ടെടുത്തത്.
കള്ളപ്പണത്തിന്റെ വ്യാപനം ഇക്കുറി വന്‍തോതില്‍ വര്‍ധിച്ചുവെന്നതാണ് കണക്കുകളെല്ലാം സൂചിപ്പിക്കുന്നത്. കള്ളപ്പണം തടയുന്നതിന് നോട്ട് പിന്‍വലിക്കല്‍ പ്ര്യഖ്യാപിച്ച് മൂന്നുമാസത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇത്രയധികം പണം കണക്കില്‍പ്പെടാതെ എവിടെനിന്ന് വന്നുവെന്ന് ആശ്ചര്യപ്പെടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയും കള്ളപ്പണത്തില്‍നിന്ന് മുക്തമല്ലെന്നും തെളിയുകയാണ്.
അതീവസുരക്ഷയോടെ റിസര്‍വ് ബാങ്ക് അച്ചടിച്ച 2000-ന്റെ നോട്ടിന് അതേ മാതൃകയിലുള്ള കള്ളനോട്ട് പാക്കിസ്ഥാനില്‍ അച്ചടിച്ചിറക്കിയതും ഇന്ത്യക്ക് തലവേദനയായിട്ടുണ്ട്. ബംഗ്ലാദേശ് വഴി ഇന്ത്യയിലേക്കെത്തുന്ന ഈ കള്ളനോട്ടില്‍ യഥാര്‍ഥ നോട്ടിലെ 17 സുരക്ഷാ മുന്‍കരുതലുകളില്‍ 11-ഉം ചേര്‍ത്തിട്ടുണ്ട്. കള്ളനോട്ട് തിരിച്ചറിയാല്‍ അതിര്‍ത്തി രക്ഷാസേനയ്ക്ക് പ്രത്യേക പരിശീലനം നല്‍കേണ്ടിവന്നത് ഈ ഭീഷണി മുന്നില്‍ക്കണ്ടുകൊണ്ടാണ്.
ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15-ന് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഇവിടെനിന്ന് പിടിച്ചെടുത്ത കള്ളപ്പണം 3.38 കോടിയാണ്. 2012-ല്‍ ഇത് 1.30 കോടി രൂപയായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് 15.15 ലക്ഷം രൂപയുടെ 15,151 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തതെങ്കില്‍ ഇക്കുറിയത് 3.10 കോടി രൂപ മൂല്യമുല്ള 15.15 ലക്ഷം ലിറ്ററായി ഉയര്‍ന്നു. ഗോവയില്‍ പിടിച്ചെടുത്തത് 2.24 കോടി രൂപയാണ്. 60 ലക്ഷം രൂപയായിരുന്നു 2012-ലെ കള്ളനോട്ട്.