അസം പൗരത്വ രജിസ്റ്റര്‍: പുറത്താകുന്നത് ഏറെയും ബംഗാളി ഹിന്ദുക്കൾ..!! മുസ്ലീങ്ങളെ മാത്രം പുറത്താക്കാൻ പുതിയ ബിൽ

റാഞ്ചി: അനധികൃത കുടിയേറ്റക്കാരെന്ന നിലയിൽ അസമിൽ നിന്നും പുറത്താകാൻ കാത്തുനിൽക്കുന്ന 19 ലക്ഷത്തോളം പേരിൽ വലിയ സംഖ്യ ഹിന്ദുക്കളും കടന്നുകൂടിയത് ബിജെപിക്ക് തിരിച്ചടിയാകുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രാജ്യവ്യാപകമാക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നതിനിടെയാണ് അസമിൽ കാര്യങ്ങൾ കുഴഞ്ഞുമറിയുന്നത്.

അസമില്‍ എന്‍.ആര്‍.സിയുടെ അന്തിമരൂപം പുറത്തുവന്നതോടെ ബി.ജെ.പിയും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു. രജിസ്റ്ററില്‍ ഉള്‍പ്പെടാതിരുന്ന 19 ലക്ഷം പേരില്‍ ഏറെയും ബംഗാളി ഹിന്ദുക്കളാണെന്നതാണു കാരണം. രാജ്യത്തെ എല്ലാ പൗരന്‍മാരുടെയും വിവരങ്ങളുണ്ടാകുന്ന റജിസ്റ്റര്‍ എന്ന നിലയിലാണ് ദേശീയ പൗരത്വ റജിസ്റ്റര്‍ വരുന്നതെന്നും അതുകൊണ്ടാണ് എന്‍.ആര്‍.സി. രാജ്യവ്യാപകമാക്കാന്‍ ആലോചിക്കുന്നതെന്നും റാഞ്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ ഷാ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഒരു ഇന്ത്യക്കാരന് അമേരിക്കയിലോ ബ്രിട്ടനിലോ റഷ്യയിലോ അനധികൃതമായി താമസിക്കാന്‍ കഴിയുമോ? ഇല്ല, പിന്നെങ്ങനെയാണു മറ്റു രാജ്യക്കാര്‍ക്ക് നിയമപരമായ രേഖകളില്ലാതെ ഇന്ത്യയില്‍ താമസിക്കാന്‍ കഴിയുക? രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കാലഹരണപ്പെട്ട പൗരത്വ (ഭേദഗതി) ബില്‍ വീണ്ടും കൊണ്ടുവരുമെന്ന് ഈമാസം ആദ്യം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധമതക്കാര്‍ക്ക് എളുപ്പത്തില്‍ ഇന്ത്യന്‍ പൗരത്വം നേടാന്‍ കഴിയുന്ന വ്യവസ്ഥകളുള്ളതാകും പുതിയ ബില്‍. അതായത് മുസ്ലീങ്ങൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിക്കുക. തികച്ചും വംശീയ നിലപാടാണ് ഇതെന്നാണ് മനുഷ്യാവകാശ സംഘടനകൾ വാദിക്കുന്നത്

ഷായുടെ പുതിയ പ്രഖ്യാപനത്തിനെതിരേ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേകാധികാരങ്ങളെ നിയമനിര്‍മാണം ബാധിക്കില്ലെന്നു ഷാ വ്യക്തമാക്കുകയും ചെയ്തു.

രാജ്യത്തെ ഓരോ തുണ്ടുഭൂമിക്കും ആധാര്‍ മാതൃകയില്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പറും നിലവില്‍ വരും. ഇതിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപടിയാരംഭിച്ചു. ഭൂമിയിടപാടുകള്‍ സുതാര്യമാക്കാനും ഉടമസ്ഥതയിലെ ദുരൂഹത നീക്കാനും ലക്ഷ്യമിട്ടാണിത്. മൂന്നുവര്‍ഷം കൊണ്ട് ഏകീകൃത ദേശീയ ഡിജിറ്റല്‍ ലാന്‍ഡ് റെക്കോഡ് സംവിധാനം സജ്ജമാക്കാനാണു ശ്രമം. സംസ്ഥാനം, ജില്ല, താലൂക്ക്, ബ്ലോക്ക്, വിസ്തീര്‍ണം, ഉടമയുടെ പേര് തുടങ്ങി സ്ഥലം സംബന്ധിച്ച എല്ലാ വിവരങ്ങളും സവിശേഷ നമ്പര്‍ ഉപയോഗിച്ചു തിരിച്ചറിയാനാകും.

മുന്‍ ഉടമകളുടെ വിവരങ്ങളും ഇപ്രകാരം ലഭ്യമാകും. ക്രമേണ ഈ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാനും ആലോചനയുണ്ട്. ഭൂമിക്കു തിരിച്ചറിയല്‍ നമ്പര്‍ വരുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ സുതാര്യമാകുമെന്നും നികുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു. അവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയും. ഭൂമി തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരവും പൊതുആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളും എളുപ്പത്തിലാകും. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയാ ഗ്രൂപ്പ് സംഘടിപ്പിച്ച ‘പൂര്‍വോദയ് ഹിന്ദുസ്ഥാന്‍’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

Top