ജിദ്ദ: സൗദിയിലെ സ്വകാര്യ ആശുപത്രികളില്‍ നിലവിലുള്ള സ്വദേശിവല്‍കരണ അനുപാതം കുറയ്ക്കാന്‍ തൊഴില്‍ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഡോക്ടമാര്‍ അടക്കമുള്ള സ്വദേശി മെഡിക്കല്‍ ജീവനക്കാരെ ആവശ്യത്തിന് കിട്ടുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ നീക്കം.
സൗദിയില്‍ സ്വകാര്യ മേഖലയില്‍ വേണ്ടത്ര സ്വദേശി മെഡിക്കല്‍ ജീവനക്കാരെ ലഭിക്കാത്തതിനാല്‍ സ്വദേശിവല്‍കരണ അനുപാതത്തില്‍ കുറവ് വരുത്തുവാന്‍ സൗദി ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്ട്ട്. രാജ്യത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കണമെന്നും,നിതാഖാത്ത് അനുപാതം 25 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറക്കണന്നും ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസുകളുടെ കൂട്ടായ്മയായ സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സിനു കീഴിലെ ദേശിയ ആരോഗ്യ കമ്മിറ്റി അംഗങ്ങള്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കമ്മിറ്റി അംഗങ്ങള്‍ മുന്നോട്ട് വെച്ച അഭിപ്രായ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് സ്വകാര്യ ആരോഗ്യ മേഖലക്ക് നിര്‍ബന്ധമാക്കിയ സ്വദേശിവല്‍കരണ അനുപാതം പുന:പരിശോധിക്കുവാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്. സ്വകാര്യ ആരോഗ്യ മേഖലക്ക് ബാധകമാക്കിയ സ്വകര്യവല്‍കരണ അനുപാതത്തില്‍ കുറവ് വരുത്തണമെന്നും സ്വദേശികളായ മെഡിക്കല്‍ ജീവനക്കാര്‍ക്ക് നിതാഖാത്തില്‍ കൂടുതല്‍ വെയിറ്റേജ് നല്‍കണമെന്നും സൗദി ദേശീയ ആരോഗ്യ കമ്മിറ്റിയും ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപെട്ടു.