ദമ്മാം:അല്‍ ഖോബാറിലെ ദോഹയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യവേ തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെതുടര്‍ന്ന് അല്‍ ഖോബാര്‍ കിംഗ് ഫഹദ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാവുകയും തുടര്‍ന്ന് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് നാവനക്കി സംസാരിക്കാന്‍ ശേഷിയില്ലാതെ തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങുകയും ചെയ്ത നെടുമങ്ങാട് ചെല്ലംകോട് കുന്നുംപുറത്ത് വീട്ടില്‍ സജീവന് ഒ ഐ സി സി ദമ്മാം റീജ്യണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമാഹരിച്ച ചികിത്സാ ധനസഹായം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സജീവന് കൈമാറി.
ചികിത്സയിലായിരുന്നപ്പോള്‍ നാട്ടിലേക്ക് മടങ്ങുന്നതിന് വേണ്ടുന്ന സഹായം നേരത്തെ ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയ്തിരുന്നു. സജീവന്റെ നാട്ടിലെ ദയനീയ സ്ഥിതി മനസ്സിലാക്കിയ ഒ ഐ സി സി സജീവനെ നാട്ടിലെ തുടര്‍ചികിത്സക്കായി സഹായിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. സജീവന്റെ ഭാര്യ ആമവാതം പിടിപെട്ട് മൂന്നര വര്‍ഷമായി കിടപ്പിലാണ്. ഒ ഐ സി സി സമാഹരിച്ച തുക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ വച്ച് സജീവന് കൈമാറി. ഒപ്പമുണ്ടായിരുന്ന ഒ ഐ സി സി ദമ്മാം റീജ്യണ്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ സജീവന്റെ ദയനീയ സ്ഥിതി മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
ഒരു കാല്‍ ഏന്തി ഏന്തി നടന്നുവന്ന സജീവന്‍ മുഖ്യമന്ത്രി ഒ ഐ സി സി യുടെ ധനസഹായം നല്‍കുന്നതിനായി കൈകള്‍ നീട്ടിയപ്പോള്‍ അതേറ്റ് വാങ്ങുവാന്‍ കൈകള്‍ പോങ്ങാതിരുന്ന സജീവന്റെ കരങ്ങളിലേക്ക് വച്ച് നല്‍കുകയായിരുന്നു. തികച്ചും സഹായം അര്‍ഹിക്കുന്നയാളാണ് സജീവനെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി, തന്റെ ചികിത്സാ സഹായ ഫണ്ടില്‍ നിന്നും സജീവനെ സഹായിക്കുവാന്‍ ഉദ്യോഗസ്ഥരോട് തദവസരത്തില്‍ നിര്‍ദ്ദേശിക്കുകയും ആവശ്യമായ ചികിത്സാ രേഖകള്‍ ഉടനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഏല്‍പ്പിക്കണമെന്ന് സജീവനോടൊപ്പമുണ്ടായിരുന്ന അമ്മയോട് പറയുകയും ചെയ്തു . തന്റെ മകന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി സഹായിക്കുവാന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മുഖ്യമന്ത്രിയോടും അതിന് വഴി തെളിച്ച ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോടും നിറകണ്ണുകളോടെ സജീവന്റെ അമ്മ ക്ലിഫ് ഹൗസില്‍ വച്ച് നന്ദി പറഞ്ഞു.