13ദമ്മാം: തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാല ആനപ്പാറയില്‍ ശിവരാജന്‍ ആശാരി – ശാന്ത ദമ്പതികളുടെ മകള്‍ നടക്കുവാന്‍ ശേഷിയില്ലാത്ത രഞ്ജിനി (24) ക്ക് പഠന സഹായിയായി ദമ്മാം ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ലാപ്ടോപ് നല്‍കി. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സഹാപാഠികളുമൊത്ത് ഊഞ്ഞാലാടിക്കൊണ്ടിരിക്കുമ്പോള്‍ നിലത്ത് വീണ് ക്ഷതം സംഭവിച്ച രഞ്ജിനിക്ക് ചികിത്സകളൊന്നും ഫലിക്കാതെ ശിഷ്ടകാലം വീല്‍ ചെയറിലിരുന്ന് ജീവിക്കുകയാണ്. കൂടാതെ അമിതമായി കൂടിവരുന്ന ശരീര വണ്ണവും വീല്‍ ചെയറിലിരിക്കുന്ന രഞ്ജിനിയെ അലട്ടുന്നുണ്ട്.
നടക്കുവാന്‍ ശേഷിയില്ലെങ്കിലും രഞ്ജിനി നല്ലൊരു ചിത്രകാരിയാണ്. രാജാ രവിവര്‍മ്മ ചിത്രങ്ങള്‍ മനോഹരമായി വരയ്ക്കുന്ന രഞ്ജിനിയെ പ്രശസ്ത ചിത്രകാരനായ ഷാജി കിളിമാനൂര്‍ ചിത്രരചനയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. രഞ്ജിനി ഇതിനോടകം വരച്ച ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തുവാന്‍ ഷാജി കിളിമാനൂര്‍ വേണ്ടുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കാമെന്നേറ്റിരിക്കുകയാണ്. ചിത്ര രചന കൂടാതെ വള, മാല എന്നിവ നിര്‍മ്മിക്കുന്നതിലും തല്പരയായ രഞ്ജിനിക്ക് വീല്‍ ചെയറിലിരുന്ന് കൂടുതല്‍ അറിവ് നേടുന്നതിന് ഒരു ലാപ്ടോപ് ആവശ്യമാണെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് ദമ്മാം ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി രഞ്ജിനിയെ സഹായിക്കുവാന്‍ തീരുമാനിച്ചത്.
പൊട്ടിപ്പൊളിഞ്ഞ കുര വീട്ടില്‍ നിര്‍ദ്ധനരായ മാതാ പിതാക്കളോടൊപ്പം വീല്‍ ചെയറില്‍ കഴിയുന്ന മിടുക്കിയായ രഞ്ജിനിയുടെ ദയനീയാവസ്ഥയറിഞ്ഞ് സാമൂഹിക സംഘടനകളും സാംസ്ക്കാരിക രാഷ്ട്രീയ പ്രവര്‍ത്തകരും രഞ്ജിനിയെയും കുടുംബത്തെയും സഹായിക്കുവാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. തിരുവനന്തപുരം ഡി സി സി വൈസ് പ്രസിഡണ്ട് ഇബ്രാഹിം കുട്ടി ദമ്മാം ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നല്‍കുന്ന ലാപ്ടോപ് രഞ്ജിനിക്ക് കൈമാറി. കിളിമാനൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ശിഹാബുദ്ദീന്‍, ദമ്മാം ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കുമാര്‍ തിരുവനന്തപുരം എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഒ ഐ സി സി സഹായം നല്‍കിയതറിഞ്ഞ പഞ്ചായത്ത് അധികൃതര്‍ രഞ്ജിനിയുടെ വീടിന്റെ പൊളിഞ്ഞ കൂര മാറ്റി ഷീറ്റ് ഇട്ട് കൊടുത്തു. രഞ്ജിനിയുടെ വിവരം ദമ്മാം ഒ ഐ സി സി യുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഒ ഐ സി സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹി ഷിയാസ് ബദറുദ്ദീനാണ്.