ദുബായ്: ഡ്രൈവര്‍ ബലാത്സംഗം ചെയ്ത യുവതിക്ക് എച്ച് ഐവിഎന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബറില്‍ പീഡനത്തിനിരയായ ഫിലിപ്പന്‍സുകാരിക്കാണ് എയ്ഡ്‌സുണ്ടെന്ന് കോടതിയില്‍ ബോധിപ്പിച്ചത്. കഴിഞ്ഞ ദിവസം കേസ് കോടതിയില്‍ വിചാരണ തുടങ്ങിയപ്പോഴാണ് പ്രോസിക്യൂട്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇരുപത്തിനാലുകാരിയായ യുവതി ഒരു കമ്പനിയില്‍ സെക്രട്ടറിയായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഒരു ബിസിനസ് കാര്യം സംസാരിക്കാനുണ്ടെന്നുകാട്ടി പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ യുവതിയെ വിളിച്ചുവരുത്തി. ദേറ മാളിലേക്കെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റിയ ഡ്രൈവര്‍ അല്‍ ഗുസൈസിലെ ഒരു ഡിസേര്‍ട്ടിലേക്കാണ് പോയത്. അവിടെവെച്ച് കാറിന്റെ പിറകിലെ സീറ്റില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്. ബലാത്സംഗത്തിനുശേഷം യുവതിയുടെ പണവും, മൊബൈല്‍ഫോണും ഡ്രൈവര്‍ കവര്‍ന്നതായും പരാതിയുണ്ടായിരുന്നു.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പിടിച്ചുപറി തുടങ്ങിയവയാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ കോടതിയില്‍ വെച്ച് പ്രതി കുറ്റം നിഷേധിച്ചു. ഫിലിപ്പിനോ യുവതിയുമായി പരസ്പര ധാരണയോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. നേരത്തെ കടം കൊടുത്തിരുന്ന പണമാണ് താന്‍ എടുത്തതെന്നും പിടിച്ചുപറി നടത്തിയില്ലെന്നും ഡ്രൈവര്‍ വാദിക്കുന്നു. തന്നെ മനപൂര്‍വം കേസില്‍ കുടുക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ ഡ്രൈവര്‍ കോടതിയില്‍ പറഞ്ഞു. കേസ് അടുത്തമാസം വാദം കേള്‍ക്കുന്നതിന് മാറ്റി.