സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ആത്മഹത്യാ നിരക്കുകൾ റിസഷൻ പീരിയഡിനു ശേഷം സ്ഥിരത കൈവരിച്ചതായി നാഷണൽ ഓഫിസ് ഓഫ് സൂയിസൈഡ് പ്രിവൻഷൻ അധികൃതർ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിക്കു ശേഷമുള്ള കാലഘട്ടത്തിൽ രാജ്യത്തെ സാമ്പത്തിക അസമത്വമാണ് ഇത്തരത്തിൽ ആത്മഹത്യകളുടെ എണ്ണം വർധിച്ചതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോർട്ടുകൾ.
2014 ൽ 459 പേരാണ് ആത്മഹത്യ ചെയ്തതെന്നാണ് രാജ്യത്തെ ആത്മഹത്യാ പ്രതിരോധ ഏജൻസിയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2013 ൽ ഇത് 487 ആയിരുന്നു. 2008 നും 2012 നു ഇടയിൽ വർധിച്ച ആത്മഹത്യ കഴിഞ്ഞ വർഷത്തിനിടെ ഇത്തരത്തിൽ കുറഞ്ഞത് പ്രതീക്ഷ നൽകുന്ന ഘടകമാണെന്നാണ് വ്യക്തമാകുന്നത്. ഇത്തരത്തിൽ രാജ്യത്തെ ആത്മഹത്യകളുടെ എണ്ണം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടു വരികയാണ് ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിൽ ആത്മഹത്യാ നിരക്ക് ക്രമാതീതമായി വർധിച്ചിരുന്നു. ഈ കാലഘട്ടത്തിൽ നിന്നുള്ള പിന്നോട്ടുപോക്കായാണ് ഇപ്പോഴത്തെ ആത്മഹത്യാ നിരക്കിന്റെ കുറവിനെ അധികൃതർ കാണുന്നത്. 2003 മുതൽ 2007 വരെയുള്ള കാലഘട്ടത്തിലാണ് ആത്മഹത്യാ നിരക്ക് അതിന്റെ ഏറ്റവും വലിയ തോതിൽ എത്തിച്ചേർന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2003 ൽ 458 പേർ ആത്മഹത്യ ചെയ്ത സ്ഥാനത്ത് 2007 എത്തിയതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ചിരുന്നു. 2009 ൽ 552 ആയിരുന്ന ആത്മഹത്യ 2011 ൽ 554 ആയി വർധിക്കുകയും ചെയ്തു.