കുവൈത്ത് : വ്യാജ പ്രചാരണവും തമാശകളും അതിരുവിടുന്നെന്ന് കുവൈത്ത് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് .സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയും ഫോണ്‍വഴിയുമുളള നിസാരമെന്ന് തോന്നിക്കാവുന്ന തമാശകള്‍ പലതും പരിധിവിട്ടതോടെയാണ് ആഭ്യന്തരമന്ത്രാലയം കര്‍ശന നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചത്. തമാശയ്ക്കുവേണ്ടിയും വിരോധമുള്ളവരെ പ്രയാസത്തിലാക്കണമെന്ന ഉദ്ദേശ്യത്തോടെയുമുള്ള വികൃതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്.
കുസൃതികള്‍ ഒപ്പിക്കാനുള്ള ഫോണ്‍ സന്ദേശങ്ങളും മറ്റു നടപടികളും കര്‍ശനമായി നേരിടും. ഒരു പള്ളിയുടെ സമീപത്ത് സ്‌ഫോടക വസ്തു കണ്ടുവെന്ന് പതിനാലുകാരന്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ച സംഭവമുണ്ടായി. ചോദ്യം ചെയ്യലില്‍ തമാശയ്ക്കുവേണ്ടി ചെയ്തതാണെന്നായിരുന്നു ബാലന്റെ വെളിപ്പെടുത്തല്‍. മറ്റൊരിടത്ത് പള്ളിയില്‍നിന്ന് ലഭിച്ചതെന്ന മട്ടില്‍ പാകിസ്ഥാന്‍ സ്വദേശി ഒരു കവര്‍ ഏല്‍പിച്ചു. പാകിസ്ഥാന്‍കാരനായ മറ്റൊരാളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഒപ്പം കാര്‍ഡ് ഉടമയ്ക്ക് തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന കുറിപ്പുമായിരുന്ന കവറില്‍. പൊലീസ് അന്വേഷണത്തില്‍ കാര്‍ഡ് ഉടമയോടുള്ള വിരോധം തീര്‍ക്കാന്‍ മറ്റെയാള്‍ ഒപ്പിച്ച വേലയാണ് മനസിലായി. രണ്ടു സംഭവങ്ങളിലും നിയമ നടപടി സ്വീകരിച്ചു. ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും മന്ത്രാലയം ആവര്‍ത്തിച്ചു വ്യക്തമാക്കി. രാജ്യസുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കുന്‌പോള്‍ കാര്യങ്ങളെ നിസാരവല്‍കരിക്കുന്ന നടപടികളെ കര്‍ശനമായി നേരിടുമെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു