സ്വന്തം ലേഖകൻ
ഡബ്ലിൻ: 18 വർഷത്തിനു ശേഷം രാജ്യത്ത് ഒരു പുസ്തകത്തിനു വിലക്കേർപ്പെടുത്താൻ സെൻസർ ബോർഡ് തീരുമാനിച്ചു. സ്‌റ്റേറ്റ് സെൻസർഷിപ്പ് ഓഫ് പബ്ലിക്കേഷൻ ബോർഡ് ആണ് പുസ്തകത്തിനു വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ജീയാൻ മാർട്ടിന്റെ ദ റേപ്പ്ഡ് ലിറ്റിൽ റൺവേയാണ് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് ചേർന്നു വിലക്കിയത്.
പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ മോശവും അപകീർത്തികരവുമായ പരാമർശങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയാണ് ഇപ്പോൾ പുസ്തകം വിലക്കാൻ തീരുമാനിച്ചത്. പുസ്തകത്തിന്റെ വിൽപ്പനയിലും വിതരണത്തിലും ഈ വിലക്ക് നിലവിൽ വരുമെന്നു അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് ഒന്നിനു ചേർന്ന യോഗത്തിലാണ് സെൻസർ ബോർഡ് അധികൃതർ പുസ്തകത്തിനു വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഇതു സംബന്ധിച്ചുള്ള അന്തിമ ഉത്തരവും ഐറിഷ് ഗസറ്റായി പുറത്തിറങ്ങിയിട്ടുണ്ട്. ഇതോടെ ഈ പുസ്തകത്തിന്റെ രാജ്യത്തിനുള്ളിലെ വിൽപന പൂർണമായും ഇല്ലാതെയാകുമെന്നും ഉറപ്പായിട്ടുണ്ട്.
രാജ്യത്തിനകത്തെ പുസ്തകങ്ങളുടെയും വാരികകളുടെയും വിൽപനയും പ്രസിദ്ധീകരണവും നിയന്ത്രിക്കുന്ന ഏറ്റവും വലിയ സ്വതന്ത്ര ബോഡിയാണ് സെൻസർഷിപ്പ് ബോർഡ്. 1998 ലാണ് ഏറ്റവും അവസാനമായി ബുക്ക് വിൽപനയും പ്രസിദ്ധീകരണവും വിലക്കാൻ തീരുമാനം എടുത്തിരുന്നത്. ബേസ് ഷൂസിന്റെ ബേസ് ഗൈഡ് ടു ലൻഡൻ എന്ന ബുക്കാണ് അന്ന് അധികൃതർ വിലക്കിയിരുന്നത്. 1960 ൽ എൻഡാ ഒബ്രിയൻ പുറത്തിറക്കിയ കൺട്രി ഗേൾസും, 1965 ൽ ജോൺ മഗ്ഹാരൻ പുറത്തിറക്കിയ ദ ഡാർക്കും 1965 ൽ നിരോധിച്ചതാണ് മുൻപ് ഈ പട്ടികയിൽ ഉൾപ്പെട്ട ബുക്കുകൾ.