അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തിനു ഏറെ അഭിമാനകരമാകുന്ന വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച ആക്ഷൻ പ്ലാനുമായി സർക്കാർ രംഗത്ത്. പ്രധാനമന്ത്രി എൻഡാ കെനിയും, വിദ്യാഭ്യാസ മന്ത്രി റിച്ചാർഡ് ബർട്ടനുമാണ് ഇതു സംബന്ധിച്ചു ചർച്ച നടത്തി തീരുമാനത്തിൽ എത്തിയിരിക്കുന്നത്. വ്യക്തികൾക്കും രാജ്യത്തിനു പൊതുവിലുമായി ഗുണം ചെയ്യുന്ന രീതിയിലാണ് സർക്കാർ ഇപ്പോൾ പുതിയ വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്. തന്റെ വകുപ്പ് തയ്യാറാക്കിയ മികച്ച പദ്ധതികളിലൊന്നാണ് ഇതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
2016 മുതൽ 2019 വരെയുള്ള മൂന്നു വർഷത്തേയ്ക്കും, പിന്നീട് ദീർഘകാലത്തേയ്ക്കുമുള്ള പദ്ധതിയാണ് ഇപ്പോൾ വിഭാവനം ചെയ്യുന്നത്. ആദ്യത്തെ മീന്നു വർഷം നടപ്പാക്കുന്ന പദ്ധതി ഓരോ വർഷവും അപ്‌ഡേറ്റ് ചെയ്യുന്നതിനും വിഭാവനം ചെയ്യുന്നുണ്ട്. മൂന്നു വർഷത്തേയ്ക്കു നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതി ഓരോ മൂന്നു മാസം കൂടുമ്പോഴും പുനപരിശോധിക്കുകയും, ഒപ്പം നൂറു കണക്കിനു തലക്കെട്ടുകൾക്കു കീഴിലാക്കി നടപ്പാക്കുകയും ചെയ്യുന്നതിനാണ് വിപുലമായ പരിപാടികളും പദ്ധതികളും ആസൂത്രണം ചെയ്യുന്നത്.
മൂന്നു വർഷത്തേയ്ക്കുളള പദ്ധതിയാണെങ്കിലും ഇതിന്റെ വിവിധ ഘട്ടങ്ങളായി ദീർഘകാല പരിപാടികളും സർക്കാർ ഇതിനോടകം തന്നെ ആസൂത്രണം ചെയ്തു തുടങ്ങിയിട്ടുമുണ്ട്. 130 പ്രധാന ആക്ഷൻ പ്ലാനുകളാണ് ഇപ്പോൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉപവിഭാഗങ്ങളിലായി നിരവധി ആക്ഷൻ പ്ലാനുകളും സർക്കാർ തലത്തിൽ തന്നെ ക്രമീകരിച്ചിട്ടുമുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രധാന പോരായ്മകളും കോട്ടങ്ങളും കണ്ടെത്തി ക്രമീകരിക്കുകയാണ് ഇതിന്റെ ഏറ്റവും പ്രധാന പരിപാടി. ഇതിനു ശേഷമാവും തുടർ നടപടികളിലേയ്ക്കു സർക്കാർ കടക്കുക. ഓരോ സ്‌കൂളിലെയും വിദ്യാർഥികളെ സ്‌കൂളുകൾ തന്നെ പിൻതുണയ്ക്കുന്ന രീതിയിൽ വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ബർട്ടൻ വ്യക്തമാക്കുന്നു.