സ്വന്തം ലേഖകൻ
ഡബ്ലിൻ: പുതുതായി തിരഞ്ഞെടുക്കപ്പെടുകയും, യോഗ്യത നേടുകയും ചെയ്ത അധ്യാപകർക്കു രണ്ടായിരം യൂറോയ്ക്കടുത്തു ശമ്പളം വർധിപ്പിക്കാൻ സർക്കാർ ശുപാർശ. അധ്യാപക സംഘടനകളായ ടീച്ചേഴ്‌സ് യൂണിയൻ ഓഫ് അയർലൻഡും, ഐറിഷ് നാഷണൽ ടീച്ചേഴ്‌സ് ഓർഗനൈസേഷനുമായി നടത്തിയ ചർച്ചകളിലാണ് ഇതു സംബന്ധിച്ചുള്ള തീരുമാനമുണ്ടായത്.
എന്നാൽ, അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് ഓഫ് അയർലൻഡ് യൂണിയനിൽ അംഗങ്ങളായ അധ്യാപകർക്കു പുതിയ എഗ്രിമെന്റിന്റെ ഗുണം ഇത്തവണ ലഭിക്കില്ല. ഇവരുടെ സംഘടന ലാസ്ഡൗൺ റോഡ് എഗ്രിമെന്റ് അംഗീകരിക്കാൻ തയ്യാറാകാത്തതാണ് ഈ അധ്യാപകർക്കു ശമ്പളം ലഭിക്കാത്തതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
2012 ഫെബ്രുവരിയ്ക്കു ശേഷം ജോലിയ്ക്കു കയറിയ അധ്യാപകർക്കാണ് ഈ എഗ്രിമെന്റ് പ്രകാരം ഗുണം ലഭിക്കുന്നത്. ഇവരുടെ ബേസിക് പേയിൽ പത്തു ശതമാനത്തിന്റെ കുറവുണ്ടാകും. എന്നാൽ, ഇതിനു പകരമായി ക്വാളിഫിക്കേഷൻ അലവൻസ് എന്ന പേരിൽ അയ്യായിരം യൂറോ പ്രതി വർഷം ഇനത്തിൽ ഈ അധ്യാപകർക്കു അധികമായി ലഭിക്കുന്ന രീതിയിലാണ് ഈ എഗ്രിമെന്റ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.