ന്യൂഡല്‍ഹി: തങ്ങളുടെ 4ജി നെറ്റ്വര്‍ക്കാണ് ഏറ്റവും വേഗമേറിയ ഡാറ്റാ നെറ്റ്വര്‍ക് എന്ന അവകാശവാദവുമായി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണോ? ‘അതെ’ എന്നാണ് അഡൈ്വര്‍ടൈസിങ് സ്റ്റാന്‍ഡേഡ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എ.എസ്.സി.ഐ) യുടെ മറുപടി. അതുകൊണ്ട്, ഈ അവകാശവാദത്തിന് ഏഴിനകം വ്യക്തമായ തെളിവ് ഹാജരാക്കാന്‍ എ.എസ്.സി.ഐ ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല, ആഡ് കൗണ്‍സില്‍ ഇതേക്കുറിച്ച് സൂക്ഷ്മപരിശോധനയും നടത്തും.
‘നിങ്ങളുടെ നെറ്റ്വര്‍ക്കാണ് ഏറ്റവും വേഗമേറിയത് എങ്കില്‍ നിങ്ങളുടെ മൊബൈല്‍ ബില്‍ ആജീവനാന്തം ഞങ്ങള്‍ അടക്കാം’ എന്ന എയര്‍ടെല്ലിന്റെ പരസ്യം ഏഴിനകം പിന്‍വലിക്കുകയോ തിരുത്തുകയോ വേണമെന്നും ആഡ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പരസ്യത്തില്‍ വസ്തുത വളച്ചൊടിക്കാനും ഒരു ഉല്‍പന്നത്തിന്റെ നിലവാരം പര്‍വതീകരിച്ചുകാണിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനും പാടില്‌ളെന്ന് ആഡ് കൗണ്‍സില്‍ പറഞ്ഞു.
ഒരു ഉപഭോക്താവിന്റെ പരാതിയെതുടര്‍ന്നാണ് ആഡ് കൗണ്‍സില്‍ എയര്‍ടെല്ലിന് നോട്ടീസ് അയച്ചത്. നോട്ടീന് ലഭിച്ചതായി എയര്‍ടെല്‍ വക്താവ് സ്ഥിരീകരിച്ചു. പരസ്യത്തിലെ അവകാശവാദത്തിന് അടിസ്ഥാനമായ സാങ്കേതികവിവരങ്ങള്‍ ആഡ് കൗണ്‍സിലിന് നല്‍കുമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ഏറ്റവും വേഗമേറിയ 4ജി സാങ്കേതികവിദ്യതന്നെയാണ് കമ്പനി ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്നും കര്‍ശന പരിശോധനയുടെ അടിസ്ഥാനത്തിലുള്ള അവകാശവാദമാണെന്നും പ്രസ്താവനയില്‍ പറയുന്നു. 3ജി പരസ്യം തെറ്റിദ്ധാരണജനകമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയില്‍ വോഡഫോണ്‍, ഐഡിയ സെല്ലുലാര്‍, എയര്‍ടെല്‍ എന്നിവക്ക് എ.എസ്.സി.ഐ നോട്ടീസ് അയച്ചിരുന്നു.