ദുബായ്: അവധിയാഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസികളുടെ മടക്കയാത്ര ലക്ഷ്യമിട്ട് വിമാന കമ്പനികള്‍ നിരക്ക് വീണ്ടും കുത്തനെകൂട്ടി. എയര്‍ ഇന്ത്യ അടക്കമുള്ള വിമാനങ്ങള്‍ പത്തിരട്ടിയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗള്‍ഫിലെത്തി ഇന്ത്യന്‍ സമൂഹത്തെ അവേശം കൊള്ളിച്ച് തിരിച്ചു പോയതിന് തൊട്ടു പിന്നാലെയാണ് എയര്‍ ഇന്ത്യ അടക്കമുള്ള വിമാനകമ്പനികള്‍ വീണ്ടും പ്രവാസികളെ പിഴിയുന്നത്. കുട്ടികളുടെ സ്‌കൂള്‍ അവധിക്ക് നാട്ടില്‍ പോയ കുടുംബത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ തിരിച്ചെത്തണമെങ്കില്‍ ഒരാള്‍ക്ക് അരലക്ഷത്തിന് മുകളിലാണ് നല്‍കേണ്ടി വരുന്നത്..
തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ ഇന്ന് 51,390 രൂപ ഈടാക്കിയപ്പോള്‍ മറ്റുകമ്പനികള്‍ അറുപതിനായിരം വരെയാണ് ഈടാക്കിയത്. രണ്ടു കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് ഗള്‍ഫില്‍ തിരികെയെത്താന്‍ രണ്ടു ലക്ഷം രൂപയാണ് ടിക്കറ്റിനുമാത്രം നല്‍കേണ്ടി വരുന്നത്. കേരളത്തില്‍നിന്നുള്ള സ്ഥിതി ഇതാണെങ്കില്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് വിമാനത്താവളങ്ങളില്‍ നിന്ന് ഇതിന്റെ പകുതി മാത്രം നല്‍കിയാല്‍ മതി.
അതുകൊണ്ട് തന്നെ ഇവിടെ നിന്നുള്ള സര്‍വീസുകളെ ആശ്രയിക്കുകയാണ് പലരും. കൂടിയ ടിക്കറ്റ് നിരക്ക് ഓണാവധി കഴിയുന്നതുവരെ തുടരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ടിക്കറ്റ് നിരക്കുകള്‍-
തിരുവനന്തപുരം-ദുബായി 51,390
തിരുവനന്തപുരം-കുവൈത്ത് 60,303
തിരുവനന്തപുരം-ഖത്തര്‍ 39,554
തിരുവനന്തപുരം-ഒമാന്‍ 57,612
തിരുവനന്തപുരം-സൗദിഅറേബ്യ 42,810