സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് നടപ്പാക്കുന്ന വിമാന സർവീസുകളിലെ ജീവനക്കാർ മിന്നൽ പണിമുടക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി പരാതി. ജൂൺ ജൂലൈ മാസങ്ങളിൽ റയനെയർ, എയർ ലിംഗസ് എന്നിവയടക്കമുള്ള വിമാനങ്ങളിലേയ്ക്കു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഈ വിമാന ജീവനക്കാർ അടിക്കടി സമരം നടത്തുന്നതാണ് യാത്രക്കാരെ ബാധിക്കുന്നത്. അവധിക്കാല യാത്രകൾക്കും മറ്റുമായി ഈ എയർലൈൻസുകളുടെ സർവീസ് ഉപയോഗപ്പെടുത്തുന്നവർ ഏറെയാണ്.എന്നാൽ മുന്നറിയിപ്പോടെയും അല്ലാതെയും ഈ എയർലൈൻസുകൾ സർവീസ് മുടക്കുന്നത് അടുത്തയിടയായി വർദ്ധിച്ചിരിക്കുകയാണ്.ഈ എയർലൈൻസുകളെ കണക്ഷൻ ഫ്‌ലൈറ്റായി ഉപയോഗിക്കുന്നവരാണ് ഏറെ കഷ്ടപ്പെടേണ്ടി വരിക. ഇന്നു മുതൽ ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ നടത്തുന്ന സമരവും യൂറോപ്പിലെ സഞ്ചാരികളെ പ്രതികൂലമായി ബാധിക്കും. അഞ്ചു ദിവസം നീളുന്ന സമര പരിപാടികളാണ് ഇവർ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനു പുറമെ ജൂൺ 3,5,14 തീയതികളിലും സമരത്തിന് ആഹ്വാനമുണ്ട്. ഇത് ഫ്‌ളൈറ്റുകൾ റദ്ദാക്കാനും, വൈകാനും കാരണമാകും. കഴിഞ്ഞ മാർച്ചിലാണ് ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ (എടിസി) സമരം ആരംഭിച്ചത്.
സമരത്തെത്തുടർന്ന് ഈ വർഷം മാത്രം എയർലൈൻസ് ഫോർ യൂറോപ്പിന്റെ (എ4ഇ)2,500 ഫ്‌ളൈറ്റുകളാണ് റദ്ദാക്കേണ്ടി വന്നത്. റയനെയർ, ലുഫ്ത്താൻസ, എയർ ലിംഗസ്, ഐഎജി എന്നിവയിടങ്ങുന്നതാണ് എയർലൈൻസ് ഫോർ യൂറോപ്പ് സഖ്യം. വർഷം 500 മില്ല്യണോളം യാത്രക്കാരാണ് ഈ സർവീസിനെ ആശ്രയിക്കുന്നത്. സമരം കാരണം യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്നും, വിഷയത്തിൽ യൂറോപ്യൻ കമ്മീഷനും, സർക്കാരുകളും ഇടപെടണമെന്നും എ4ഇ എംഡി തോമസ് റെയ്‌നാർട്ട് പറഞ്ഞു. സമരം സമ്മർ വരെ തുടരുമെന്നാണ് കരുതുന്നത്.യൂറോപ്പിനുള്ളിൽ നടത്തുന്ന അവധിക്കാല യാത്രകളെയും എയർലൈൻസുകളുടെ സമരം ബാധിച്ചേക്കാം.