അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ ആരോഗ്യ മേഖലയിൽ രൂക്ഷമായ പ്രതിസന്ധി ഉയർത്തി ആംബുലൻസ് സർവീസ് ജീവനക്കാർ സമരത്തിനൊരുങ്ങുന്നു. വർക്ക് പ്ലേസ് റിലേഷൻ കമ്മിഷന്റെ ചർച്ചകളിൽ തൃപ്തരല്ലാത്തതിനെ തുടർന്നാണ് ഇപ്പോൾ നാഷണൽ ആംബുലൻസ് സർവീസ് ജീവനക്കാർ സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇത് രാജ്യത്തെ എമർജൻസി സർവീസ് മേഖലകളിൽ ശക്തമായ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് സൂചന ലഭിക്കുന്നത്.
എസ്‌ഐപിടിയു സംഘടനാ നേതാക്കൾ കഴിഞ്ഞ ദിവസം എച്ച്എസ്ഇ മാനേജ്‌മെന്റുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. എന്നാൽ, ഇതു സംബന്ധിച്ചു തീരുമാനത്തിൽ എത്തിച്ചേരാൻ ചർച്ചകൾക്കു സാധിച്ചിട്ടില്ലെ. ഇതേ തുടർന്നു വീണ്ടും ചർച്ചകൾക്കു നിർദേശം നൽകിയിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത് എത്രത്തോളം പ്രാവർത്തികമാണെന്ന കാര്യത്തിൽ ദുരൂഹതകൾ ഏറെയാണ്.
അടുത്ത ബുധനാഴ്ച സമരം നടത്തുന്നതിനായാണ് ആംബുലൻസ് സർവീസ് ജീവനക്കാർ തയ്യാറെടുക്കുന്നത്. അടുത്ത രണ്ടു വർഷത്തിനിടെ 150 ടെക്‌നീഷ്യൻമാരുടെ തസ്തികകൾ ഒരുക്കുന്നതിനാണ് ഇപ്പോൾ വർക്ക് പ്ലേസ് റിലേഷൻ കമ്മിഷനുമായി ബന്ധപ്പെട്ടവർ നൽകിയിരിക്കുന്ന നിർദേശം. അഞ്ചു വർഷത്തെ കരാർ അടിസ്ഥാനത്തിൽ 461 പാരാമെഡിക്കൽ ജീവനക്കാരെയും നിയമിക്കുന്നതിനും ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.