ബ്രസല്‍സ്: അഭയാര്‍ഥിപ്രശ്‌നം നേരിടാന്‍ അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ 112 കോടി ഡോളര്‍ (ഏതാണ്ട് 7,422 കോടി രൂപ) നല്‍കും.
വ്യാഴാഴ്ച ചേര്‍ന്ന ഉച്ചകോടിയിലാണ് ഈ തീരുമാനം. പശ്ചിമേഷ്യയിലെ സംഘര്‍ഷപ്രദേശങ്ങളില്‍നിന്ന് യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം ദിവസംതോറും കൂടിവരികയാണ്. ഇത് ഇനിയും തുടരാനാണ് സാധ്യതയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടാസ്‌ക് പറഞ്ഞു. 1,20,000 അഭയാര്‍ഥികളെ വ്യത്യസ്തമേഖലകളിലേക്ക് അയയ്ക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ചൊവ്വാഴ്ച ധാരണയിലെത്തിയിരുന്നു.
അഭയാര്‍ഥിപ്രശ്‌നത്തിന് ഉടനെയൊന്നും പരിഹാരം ഉണ്ടാവില്ലെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ പറഞ്ഞു. പ്രശ്‌നം എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചാണ് യൂറോപ്പിന്റെ ഭാവിയെന്നും അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അഭയാര്‍ഥികളെ കൈമാറ്റം ചെയ്യാനുള്ള തീരുമാനം പ്രശ്‌നപരിഹാരത്തിന്റെ ആദ്യഘട്ടം മാത്രമാണ്. ഇത് ശാശ്വത പരിഹാരമല്ല മെര്‍ക്കല്‍ പറഞ്ഞു. അതിര്‍ത്തികള്‍ ശക്തമാക്കാനും അഭയാര്‍ഥികളുടെ രജിസ്‌ട്രേഷനുമുള്ള യൂറോപ്യന്‍ യൂണിയന്റെ തീരുമാനത്തെ മെര്‍ക്കല്‍ സ്വാഗതം ചെയ്തു.