സ്വന്തം ലേഖകൻ
ഡബ്ലിൻ: വിക്ലോവിൽ വീടിനുള്ളിൽ നാലു കുട്ടികൾ ആക്രമണത്തിനു വിധേയരായ സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ഗാർഡാ സംഘം അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ കഴിയുന്ന ഇയാളെ ഗാർഡാ സംഘം ചോദ്യം ചെയ്തു വരികയാണ്. ആക്രമണത്തിനിരയായി വീട്ടിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുട്ടികളെ ആശുപത്രിയിൽ അടിയന്തര ചികിത്സയ്ക്കു വിധേയരാക്കിയിട്ടുണ്ട്. കുട്ടികൾ അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
ബാലിനോർ ഏരിയായിലെ വീട്ടിലേയ്ക്കു കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെയാണ് ഗാർഡാ സംഘത്തെയും എമർജൻസി വിഭാഗത്തെയും വിളിച്ചു വരുത്തുന്നത്. കുട്ടികൾ ഗുരുതരാവസ്ഥയിൽ കിടക്കുന്നതു കണ്ട അധികൃതർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. കുട്ടികളെ നന്നായി അറിയുന്ന ആളുകൾ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയമാണ് ഗാർഡാ സംഘം ഇപ്പോൾ പ്രകടിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഒരാളെ ഗാർഡാ സംഘം അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തു വരുന്നത്.
മുപ്പതുകാരനായ യുവാവിനെയാണ് ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ടു ഗാർഡാ സംഘം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇയാളെ വിക് ലോ ഗാർഡാ സ്‌റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്. സംഭവ സ്ഥലത്തു സാങ്കേതിക പരിശോധന നടത്തിയതായും അധികൃതർ വ്യക്തമാക്കി. അഞ്ചും ആറും വയുള്ള പെൺകുട്ടികളും ഒൻപതും 11 ഉം വയസുള്ള ആൺകുട്ടികളുമാണ് ആക്രമണത്തിനു ഇരയായത്.