അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ ആശുപത്രികിലെ അവശ്യ സർവീസിൽ മതിയായ കിടക്കകളില്ലാത്തതിനെ തുടർന്നു നിരവധി രോഗികൾ ചികിത്സ ലഭിക്കാതെ മരിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ ലീഡിങ് കൺസൾട്ടന്റുമാരാണ് ഇതു സംബന്ധിച്ചുള്ള കണക്കുകൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആവശ്യത്തിനു കിടക്കകൾ രാജ്യത്തെ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ നിലവിലില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐറിഷ് ഹോസ്പിറ്റൽ കൺസൾട്ടന്റെ അസോസിയേഷൻ യോഗത്തിലാണ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് കൺസൾട്ടന്റ് ഡോ.ഫെർഗാൽ ഹിക്കി ഇതു സംബന്ധിച്ചുള്ള പ്രസ്താവന നടത്തിയത്. ഇത്തരത്തിൽ മതിയായ ചികിത്സാ സംവിധാനത്തിനുള്ള കിടക്കകൾ ലഭിക്കാത്തതു മൂലം പ്രതിവർഷം 300 പേരാണ് ആശുപത്രികളിൽ മരിക്കുന്നതെന്നാണ് രാജ്യത്തെ കണക്കുകൾ വ്യക്തമാക്കുന്നതെന്നാണ് ഇവർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ആറു ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഐഎച്ച്‌സിഎ ഇപ്പോൾ പഠനം നടത്തിയത്. ആസോസിയേഷൻ പ്രസിഡന്റ് ഡോ.ടോം റയാന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആശുപത്രികളിലെ രോഗികളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. രാജ്യത്ത് നിലിവിലുള്ള മിക്ക ആശുപത്രികളിലും മതിയായ കിടക്കകൾ ഇപ്പോഴില്ല. ഇത് രാജ്യത്ത് ചികിത്സാ സൗകര്യങ്ങളെ തന്നെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പഠന റിപ്പോർട്ടുകളെ ആധാരമാക്കി അഭിപ്രായപ്പെടുന്നു. ഈ സാഹചര്യത്തിൽ ആയിരക്കണക്കിനു മെത്തകളാണ് ഇപ്പോൾ രാജ്യത്ത് അധികമായി ആവശ്യമുള്ളതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.