
അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ബ്രക്‌സിറ്റിലൂടെ യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൺ പുറത്തായതടെ ഐക്യ അയർലൻഡ് എന്ന ലക്ഷ്യവുമായി അയർലൻഡ് സർക്കാർ മുന്നോട്ട്. ഐറിഷ് പ്രധാനമന്ത്രി എൻഡാ കെനിയാണ് ഇതു സംബന്ധിച്ചുള്ള സന്ദേശവുമായി മുന്നോട്ടു പോകുന്നത്. അതേസമയം ഇതു സംബന്ധിച്ച് ഇപ്പോൾ അഭിപ്രായ വോട്ടെടുപ്പ് നടത്തിയാൽ ഫലമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും ഓക്‌സഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ബ്രിട്ടിഷ് ഐറിഷ് അസോസിയേഷനിൽ സംസാരിക്കവേ കെന്നി പറഞ്ഞു. അതേസമയം ബെർലിൻ മതിൽ തകർന്ന ജർമ്മനിയുടെ പശ്ചാത്തലത്തിലാണ് അയർലണ്ടിനെ പരിഗണിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.
അയർലണ്ടുകളുടെ ഐക്യം ജനാധിപത്യപരമായ ഒന്നാണെന്നും, ഭാവിയിൽ ജനങ്ങൾ അതിനുവേണ്ടി മുന്നോട്ടുവന്നാൽ ഐക്യത്തിന് ജനാധിപത്യരീതിയിൽത്തന്നെ യൂറോപ്യൻ യൂണിയനുള്ളിൽ തീരുമാനമെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.അത്തരം ഒരു ഘട്ടത്തിൽ യൂറോപ്യൻ യൂണിയൻ തങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബ്രെക്‌സിറ്റ് പോലുള്ള ആഘാതങ്ങൾ ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നു പറഞ്ഞ കെന്നി, ഇതിനെ മറികടക്കാൻ കിണഞ്ഞു പരിശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു. സർക്കാരിന്റെ വരാനിരിക്കുന്ന ബജറ്റും ബ്രെക്‌സിറ്റ് ആഘാതങ്ങളെ മറികടക്കാനുതകുന്നതായിരിക്കും. നോർത്തേൺ അയർലണ്ട് അതിർത്തിയിൽ സമാധാനം തുടരുമെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.