സ്വന്തം ലേഖകൻ
ഡബ്ലിൻ: സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു കരകയറുന്ന രാജ്യത്തിനു പുതിയ പ്രതീക്ഷകൾ നൽകി ഒക്ടോബറിൽ ബജറ്റ് വരുന്നു. എന്നാൽ വൻ നികുതി ഇളവുകളുണ്ടാകുമെന്ന മട്ടിലുള്ള പ്രചാരണങ്ങളെല്ലാം തള്ളിക്കളയുന്നതാണ് ഇപ്പോഴത്തെ ബജറ്റ് റിപ്പോർട്ടുകൾ. പ്രാഥമിക ബജറ്റ് റിപ്പോർട്ടുകൾ പ്രകാരം ഇളവുകളുണ്ടാകാനുള്ള സാധ്യതകൾ ഇല്ല.
ഫിനഗേൽ മുന്നണി കൊട്ടിഘോഷിച്ചു വാഗ്ദാനം ചെയ്തുകൊണ്ടിരുന്ന യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് ഇത്തവണത്തെ ബജറ്റ് മുതൽ നടപ്പാക്കി തുടങ്ങുമെന്ന സൂചനകളാണ് ലഭിക്കുന്നത്. വൻതോതിലുള്ള നികുതിയിളവ് പ്രതീക്ഷിച്ചു കൊണ്ടിരുന്നവരെ നിരാശരാക്കി കൊണ്ട് നാമമാത്രമായ കുറവാണ് യൂണിവേഴ്‌സൽ സോഷ്യൽ ചാർജിൽ വരുത്തുവാൻ പോകുന്നത് എന്ന സൂചനകളാണ് പക്ഷെ ഇപ്പോൾ പുറത്തുവരുന്നത്.
ഇന്നലെ സീനിയർ സർക്കാർ വൃത്തങ്ങൾ പുറത്തുവിട്ട ഡ്രാഫ്റ്റ് റിപ്പോർട്ടുകൾ അനുസരിച്ച് ആകെ 300 മില്യൺ യൂറോയാണ് യൂണിവേഴ്‌സൽ സോഷ്യൽ ചാർജിൽ ഇളവ് വരുത്താൻ ഉദ്ദേശിക്കുന്നത്.ആളോഹരി ആഴ്ച്ചയിൽ വെറും 3 യൂറോയാണ് ഓരോ നികുതിദാതാവിനും ഇതനുസരിച്ച് കുറവ് വരിക.വാർഷികമായി കണക്കെടുത്താൽ 174 യൂറോ മാത്രം.
അതേ സമയം ഇപ്പോൾ നിലവിലുള്ള 52 % മാർജിനൽ ടാക്‌സ് നിരക്കിൽ കൂടുതൽ ഇളവ് വരുത്താനുള്ള നിർദേശങ്ങൾ ഒക്‌റ്റോബർ ബജറ്റിൽ ഉണ്ടായേക്കും എന്നും സൂചനകളുണ്ട്.ആദായനികുതിയിലും,പിആർ എസ് ഐയിലും ഇളവ് വരുത്തികൊണ്ടാണ് ഇതിനുള്ള സാദ്ധ്യതകൾ ധനവകുപ്പ് മുന്നോട്ടു വെയ്ക്കുന്നത്.
നടപ്പ് വര്ഷം പ്രതീക്ഷിക്കുന്ന ചുരുങ്ങിയ തോതിലുള്ള ശമ്പളവർദ്ധനവും(0.9%) നികുതികളിലുള്ള ഇളവുകളും അടക്കം ഓരോ പൗരനും മികച്ച രീതിയിലുള്ള വരുമാനം ഉറപ്പുവരുത്താനാണ് സർക്കാരിന്റെ ശ്രമമെന്ന് ധനവകുപ്പിലെ വിദഗ്ദർ സൂചിപ്പിച്ചു.