ഡബ്ലിന്‍: സാധാരണക്കാരുടെ ഏറ്റവും വലിയ പ്രശ്‌നമായ വീട്ടുവാടകയെപ്പറ്റി ഒരക്ഷരം മിണ്ടാതെ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചു മടങ്ങി. തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ബജറ്റായിട്ടു പോലും സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നമായ വാടക സംബന്ധിച്ചു തീരുമാനം എടുക്കാത്തതാണ് ആശങ്കയ്ക്കു ഇടയാക്കണത്. മന്ത്രിമാര്‍ക്കിടയിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് തീരുമാനം വൈകിക്കുന്നതെന്നാണ് സൂചനകള്‍.
പലഭാഗത്തുനിന്നും നിരന്തരമായി ആവശ്യപ്പെട്ടിരുന്ന വാടക നിരക്കിലെ അനിശ്ചിത്വത്തെക്കുറിച്ച് ബജറ്റില്‍ യാതൊരു പരാമര്‍ശവും ഉണ്ടായില്ല. മന്ത്രിമാര്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് റെന്റ് സെക്ടറില്‍ നിലനില്‍ക്കുന്ന അനിശ്ചിതം ബജറ്റില്‍ പരാമര്‍ശിക്കപ്പെടാതെ പോയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സ്വകാര്യമേഖലയില്‍ വാടക വര്‍ധനവിനെ നിയന്ത്രിക്കാന്‍ നയങ്ങള്‍ വേണമെന്ന് ലേബര്‍ പാര്‍ട്ടിയ്ക്കറിയാമെങ്കിലും പ്രശ്‌നം ധനമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിന് പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി പരാജയപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകളില്ലെന്നും റെന്റ് മേഖലയിലെ അനിശ്ചിതത്വം സംബന്ധിച്ച് ധനമന്ത്രാലയത്തിലെയും പരിസ്ഥിതി മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരുമായി അടുത്തയാഴ്ച ചര്‍ച്ച നടത്തി ആവശ്യമായ നിയമ നിര്‍മ്മാണം നടത്തുമെന്നും ന്യൂസ്‌ടോക്ക് ബ്രേക്ക്ഫാസ്റ്റില്‍ മൈക്കിള്‍ നൂനന്‍ പറഞ്ഞു. അലന്‍ കെല്ലിയും ന്യൂസ്‌ടോക്കില്‍ പങ്കെടുത്തു.
അത്സമയം ഇന്നലെ ബജറ്റവതരണത്തിന് ശേഷം അലന്‍ കെല്ലി സോഷ്യല്‍ ഹൗസിംഗ് മേഖലയ്ക്ക് അധിക ഫണ്ടനുവദിച്ചതിനെ സ്വാഗതം ചെയ്‌തെങ്കിലും വാടകയിലെ അനിശ്ചിതത്വത്തെക്കുറിച്ച് യാതൊരു പരാമര്‍ശവും നടത്തിയില്ല. റെന്റ് സെക്ടറിലെ പ്രശ്‌നം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാതെ അവതരിപ്പിച്ച ബജറ്റിനെ പ്രതിപക്ഷത്തുള്ള രാഷ്ട്രീയനേതാക്കളും ലേബറിലെ തന്നെ ഹൗസിംഗ് വക്താവും വിമര്‍ശിക്കുന്നുണ്ട്. വാടക നിരക്കുയരുന്നതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരുടെയും കുട്ടികളുമായി തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരുടെയും അവസ്ഥ മനസിലാക്കി വാടക നിരക്കിലെ വര്‍ധന തടയാന്‍ അടിയന്ത നിയമനിര്‍മ്മാണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. സ്വകാര്യ മേഖലയിലെ വാടകനിരക്ക് വര്‍ധനവില്‍ നിയന്ത്രണമേര്‍പ്പെടുത്താത്തതും പ്രവര്‍ത്തനക്ഷമമല്ലാത്ത പാര്‍പ്പിട സംവിധാനവുമാണ് കുടുംബങ്ങളെ വഴിയാധാരമാക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നു.