അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: ചാരിറ്റി കൺസോളിന്റെ ഭാവി തീരുമാനിക്കുന്നതിനായി ബോർഡ് യോഗം ഇന്ന് ചേരും. കൺസോളിൽ അഴിമതി ആരോപണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ഇതു സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും, അഴിമതിയിൽ എന്തു നിലപാട് എടുക്കണമെന്നും തീരുമാനിക്കുന്നതിനായാണ് ഇന്ന് കൺസോളിന്റെ യോഗം ചേരുന്നത്.
അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ചാരിറ്റി കൺസോൾ തല്ക്കാലത്തേയ്‌ക്കെങ്കിലും പൂട്ടിയിടുന്നതിനുള്ള നിർദേശമാണ് ഇടക്കാല സിഇഒ ഡേവിഡ് ഹാൾ മുന്നോട്ടു വച്ചിരിക്കുന്നത്. സംഘടനയിൽ ശക്തമായ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിട്ടുണ്ടെന്നും ഇതു മറികടക്കുന്നതിനും ഇത്തരത്തിലുളള കർശന നിയന്ത്രണങ്ങൾ ആവശ്യമാണെന്നുമാണ് ഇടക്കാല സിഇഒ വ്യക്തമാക്കിയിരിക്കുന്നത്.
ഇത്തരം വിഷയങ്ങളിലെല്ലാം ബോർഡ് യോഗം ചേർന്ന് തീരുമാനം എടുക്കുമെന്നാണ് ഇപ്പോൾ ഇടക്കാല സിഇഒ അടക്കമുള്ളവർ വ്യക്തമാക്കുന്നതെന്നാണ് സൂചന ലഭിക്കുന്നത്. കൺസോൾ അടച്ചു പൂട്ടാനുള്ള തീരുമാനത്തിനു കമ്മിറ്റി അംഗീകാരം നൽകിയാൽ അടുത്ത പടിയായി കൺസോൾ ഹൈക്കോടതിയെ സമീപിച്ച് തീരുമാനത്തിനു അംഗീകാരം നേടിയെടുക്കണം. ഇതിനുള്ള തയ്യാറെടുപ്പുകളും കൺസോൾ മാനേജ്‌മെന്റ് ആരംഭിച്ചിട്ടുണ്ടെന്ന സൂചനകളും ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.