ജിദ്ദ: ആറു വയസ് പ്രായമുള്ള കെ.ജി വിദ്യാര്‍ഥി സ്‌കൂള്‍ ബസില്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ജിദ്ദയിലെ ഹയ്യുരിഹാബിലാണ് സംഭവം. അറബ് വംശജനായ കെ.ജി മൂന്നാം തരം വിദ്യാര്‍ഥി അബ്ദുല്‍മലിക് അവദ് ആണ് മരിച്ചത്. കുട്ടികളെല്ലാം ഇറങ്ങിയപ്പോഴും ബാലന്‍ ബോധശൂന്യനായി ഇരിക്കുന്നതു ശ്രദ്ധയില്‍ പെട്ടെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോള്‍ മരിച്ചതായി മനസ്സിലായെന്നാണ് ഏഷ്യക്കാരനായ ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടി സ്ഥലത്തെത്തും മുമ്പേ മരിച്ചിട്ടുണ്ടെന്ന് അറിവായി. മൃതശരീരം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു അന്വേഷണം ആരംഭിച്ചതായി മക്ക പൊലീസ് വക്താവ് ആത്വി ബിന്‍ അത്വിയ്യ അല്‍ ഖുറശി അറിയിച്ചു.
അതേസമയം, രാവിലെ സ്വകാര്യവാഹനത്തില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ രോഗമോ മറ്റു പ്രയാസമോ ഒന്നും കുട്ടിയില്‍ കണ്ടിരുന്നില്ലെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു. എന്നാല്‍ സ്‌കൂളിലെത്തി വാഹനത്തില്‍ നിന്നു എല്ലാ കുട്ടികളും ഇറങ്ങിയെങ്കിലും ഉറക്കത്തിലായതിനാലാകാം അബ്ദുല്‍മലിക് ഇറങ്ങിയില്ല. കൂട്ടുകാരോ പാര്‍ക്കിങ്ങില്‍ വണ്ടി മാറ്റിയിടുമ്പോള്‍ ഡ്രൈവറോ അക്കാര്യം ശ്രദ്ധിച്ചതുമില്ല. ഉച്ചയോടെ കുട്ടി തിരിച്ചത്തെുന്ന സമയം കഴിഞ്ഞും കാണാതായപ്പോള്‍ ആധിയിലായ വീട്ടുകാര്‍ സ്‌കൂളിലേക്ക് വിളിച്ചപ്പോഴാണ് കുട്ടിക്ക് സുഖമില്ലെന്നു അധികൃതര്‍ പറയുന്നത്. ഉടനെ മാതാപിതാക്കള്‍ സ്‌കൂളിലെത്തുമ്പോള്‍ കുഞ്ഞിന്റെ മരണവാര്‍ത്തയാണ് കേള്‍ക്കേണ്ടി വന്നത്. ഏകമകന്റെ വേര്‍പാട് താങ്ങാനാവാതെ പിതാവ് മാനസികാഘാതത്തിലായി. ക്‌ളാസില്‍ കുട്ടി ഹാജരാകാതിരുന്നിട്ടും അധ്യാപകരോ മറ്റോ അന്വേഷിക്കാതിരുന്നതും കുട്ടികള്‍ ഇറങ്ങിയെന്ന് ഡ്രൈവര്‍ ഉറപ്പു വരുത്താതിരുന്നതും സ്ഥാപനത്തിന്റെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സംഭവിച്ച വീഴ്ച അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ജിദ്ദ മേഖല വിദ്യാഭ്യാസ കാര്യാലയ വക്താവ് അബ്ദുല്‍ഹമീദ് അല്‍ ഗാമിദി അറിയിച്ചു.