ദമ്മാം: ഇന്ത്യയുടെ അറുപത്തിയൊണ്‍പതാമത് സ്വാതന്ത്ര്യദിനാഘോഷം ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്വതന്ത്ര ഭാരതം ഇന്നലെ ഇന്ന് നാളെ… ഒരു അവലോകനം’ എന്ന വിഷയത്തിൽ ചർച്ചാവേദി സംഘടിപ്പിച്ചു.. സ്വാതന്ത്ര്യ സമരത്തിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് വഹിച്ച പങ്കിനെക്കുറിച്ചും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ് നൽകിയ സംഭാവനകളെക്കുറിച്ചും വിവരിക്കുന്ന പ്രബന്ധം അവതരിപ്പിച്ച്കൊണ്ട് ഗ്ലോബൽ കമ്മിറ്റിയംഗം സി.അബ്ദുൽ ഹമീദ് ദമ്മാം ഒ ഐ സി സി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
ധീര ദേശാഭിമാനികൾ സഹനസമരത്തിലൂടെ ബ്രിട്ടീഷ് സാമ്രാജിത്വത്തിൽ നിന്നും നേടിയെടുത്ത സ്വാതന്ത്ര്യം നാളിതുവരെയുള്ള കാലയളവിൽ ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നീതിയും സുരക്ഷിതത്വവും മതേതരത്വവും ജനാധിപത്യവും ഊട്ടിയുറപ്പിക്കുവാനാണ് ശ്രമിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ മതേതരത്വത്തിലധിഷ്ടിതമായ ഭരണ സംവിധാനത്തിലൂടെ ലോകത്തിന്റെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. ഗാന്ധിജിയുടെ ഘാതകൻറെ അനുകൂലികൾ ഇടക്കൊക്കെ മതസൗഹാർദ്ദത്തിന് പോറലേല്പ്പിച്ചിരുന്നുവെങ്കിലും ഇന്ത്യയിലെ ജനാധിപത്യ മതേതര വിശ്വാസികൾ അതിനെ അതിജീവിച്ച് സാമൂഹിക സാംസ്ക്കാരിക വിദ്യാഭ്യാസ ശാസ്ത്ര സാമ്പത്തിക രംഗത്ത് അഭൂതപൂർവ്വമായ നേട്ടം കൈവരിച്ച് ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇന്ന് രാജ്യത്തെ ഒരു വിഭാഗം ജനങ്ങൾക്ക് അരക്ഷിതാവസ്ഥയും ഭയപ്പാടും ഉളവാക്കുന്ന തരത്തിൽ ഭരണകൂടവും ഭരണാധികരികളും പെരുമാറുന്നത് ഇന്ത്യയുടെ നാളിതുവരെയുള്ള നേട്ടങ്ങളെ പിറകോട്ടടിക്കും. ഇതിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിച്ച് ഭാരതത്തിന് നഷ്ടപ്പെട്ട് പോയേക്കാവുന്ന ജനാധിപത്യവും മതേതരത്വവും പൗരസ്വാതന്ത്ര്യവും കാത്ത് സംരക്ഷിക്കുവാൻ ഒന്നിക്കണമെന്ന് സി.അബ്ദുൽ ഹമീദ് അവതരിപ്പിച്ച പ്രബന്ധത്തിലൂടെ ആഹ്വാനം ചെയ്തു.
ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അധ്യക്ഷത വഹിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.കെ.വൈ .സുധീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. പി .എ.നൈസാം, പ്രമുഖ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, റോയ് ശാസ്താംകോട്ട, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുൽ ഖരീം, റഷീദ് ഇയ്യാൽ, അബ്ബാസ് തറയിൽ, നബീൽ നെയ്തല്ലൂർ, സഫിയാ അബ്ബാസ്, മിനി ജോയ്,സൈഫുദ്ദീൻ കിച്ച്ലു, ഇ.എം.ഷാജി, പ്രസാദ് രഘുനാഥ്, ജോയ്ക്കുട്ടി വള്ളിക്കോട്, രാജേഷ്, സന്തോഷ് തിരുവനന്തപുരം, ഹമീദ് മരയ്ക്കാശ്ശേരി, അസ്‌ലം ഫെറോക്ക്, സക്കീർ പറമ്പിൽ, ലാൽ അമീൻ, അബ്ദു അലസ്സംപാട്ടിൽ, കെ.വി.മാത്യു, ഷൈജുദീൻ, അസ്സാബു ഹുസൈൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജവഹർ ബാലജനവേദിയുടെ ജീ ജോയ്, സബീന അബ്ബാസ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്നു. മാസ്റ്റർ നിരഞ്ജൻ ഹിന്ദിയിലുള്ള ദേശഭക്തിഗാനം ആലപിച്ചു. ഇ.കെ.സലിം സ്വാഗതവും സുമേഷ് കാട്ടിൽ നന്ദിയും പറഞ്ഞു. രമേശ് പാലക്കാട്, സുരേഷ് കുന്നം, ഹമീദ് കാണിച്ചാട്ടിൽ, ശ്യാം പ്രകാശ്, സത്താർ പേരാമ്പ്ര, ഷണ്മുഖൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. മധുരം വിളമ്പിയും പായസം നൽകിയും ദേശസ്നേഹം പങ്കുവച്ചും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം ഒ ഐ സി സി കുടുംബാംഗങ്ങൾ അവിസ്മരണീയമാക്കി. ദേശീയ ഗാനത്തോടുകൂടി ‘സ്വതന്ത്ര ഭാരതം ഇന്നലെ ഇന്ന് നാളെ… ഒരു അവലോകനം’ എന്ന ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സമാപിച്ചു.