ന്യൂയോര്‍ക്ക്: പെന്റഗണിലെ പ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ കാരണക്കാരനായ ഡാനിയേല്‍ എല്‍സ്ബര്‍ഗ്(92) അന്തരിച്ചു. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. വിസില്‍ബ്ലോവിങ് ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രേഷ്ഠമായ ഇടപെടല്‍ നടത്തി ലോകത്തെ തന്നെ സാമ്രാജ്യത്വ യുദ്ധഭീകരതകളോട് എതിരാക്കി മാറ്റുകയായിരുന്നു അദ്ദേഹം. പെന്റഗണിലെ ചരിത്ര ഗവേഷകനായി ജോലി ചെയ്യവേ വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തേക്ക് കൊണ്ടുവന്ന 7000 ത്തോളം സുപ്രധാന വിവരങ്ങളാണ് അമേരിക്കയെ പ്രതിക്കൂട്ടിലാക്കിയതും യുദ്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയതും. വാഷിംഗ്ടണ്‍ പോസ്റ്റിലെയും ന്യൂയോര്‍ക്ക് ടൈംസിലെയും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വെളിപ്പെടുത്തലുകളാണ് എല്‍സ്ബര്‍ഗിനെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. എല്‍സ്ബര്‍ഗ് നടത്തിയ പോരാട്ടം പിന്നീട് നിരവധി ചലച്ചിത്രങ്ങള്‍ക്കും പ്രമേയമായി മാറിയിരുന്നു.