ദോഹ: അവയവദാനം സംബന്ധിച്ച ഒരു പുതിയ നിയമത്തിന് ഖത്തര്‍ അംഗീകാരം നല്‍കി. സ്വീകര്‍ത്താവുമായി ബന്ധുത്വമില്ലാത്തവര്‍ക്കും അവയവദാനം നടത്താനാണ് ഈ നിയമം അനുമതി നല്‍കുന്നത്. എന്നാല്‍ അതിന് ചില നിബന്ധനകളുണ്ട്, അവയവമാറ്റം ദ്രുതഗതിയില്‍ നടന്നില്ലെങ്കില്‍ സ്വീകര്‍ത്താവിന്റെ ജീവന്‍ നഷ്ടപ്പെടാനിടയുളള സാഹചര്യങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ അവയവദാനം നല്‍കാന്‍ നിയമം അനുവദിക്കുന്നുളളൂ. അവയവം മാറ്റിവെക്കുന്ന ആശുപത്രിയിലെ എത്തിക്‌സ് കമ്മറ്റിയുടെ അനുമതിയും ഇതിന് ആവശ്യമുണ്ട്. ഖത്തര്‍ അമിര്‍ തമിം ബിന്‍ ഹമദ് അല്‍ താനിയാണ് ഈ പുതുക്കിയ നിയമത്തിന് അംഗീകാരം നല്‍കിയത്.
രക്ഷിതാക്കള്‍ അനുവദിച്ചാല്‍ പോലും കുട്ടികളുടെയും മാനസിക സ്വാസ്ഥ്യമില്ലാത്തവരുടെയും അവയവദാനം നടത്താന്‍ പാടില്ല. ഒരു തരത്തിലുമുളള അവയവ വ്യാപാരം അനുവദിക്കില്ല. അവയവം വില്‍ക്കുന്നതും വാങ്ങുന്നതും 10 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിയമപരമല്ലാത്ത രീതിയില്‍ അവയവമാറ്റം നടത്തുന്നതിന് സഹായം നല്‍കുന്ന ഡോക്ടര്‍മാരും ആരോഗ്യ രംഗത്തെ ജീവനക്കാരും തടവിലാക്കും. നിയമം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാകും.
അവയവദാതാവിന് യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ അവയവദാനത്തില്‍ നിന്ന് പിന്മാറാവുന്നതാണ്. മരിച്ച അവയവദാതാവിന്റെ നിയമാനുസൃത അവകാശികള്‍ക്ക് ദാതാവിന്റെ ആഗ്രഹത്തിന് എതിരായി പോകാനും അവയവദാന പ്രവൃത്തികള്‍ റദ്ദാക്കാനും അവകാശമുണ്ട്. അവയവം ദാനം ചെയ്യുന്ന വ്യക്തിയെ അവയവദാനത്തിന്റെ അനന്തരഫലങ്ങള്‍ ബോധ്യപ്പെടുത്തണം. ആരോഗ്യ വിദഗ്ധര്‍ കാര്യങ്ങള്‍ കൃത്യമായി എഴുതിനല്‍കണം, അവയവമാറ്റം നടത്തുന്ന സ്ഥാപനം ഇതിനായുളള ലൈസന്‍സ് നേടിയിരിക്കണം, സ്ഥാപനത്തില്‍ എത്തിക്‌സ് കമ്മറ്റിയുണ്ടായിരിക്കകണം, ദാതാവ് പൂര്‍ണമായും സംതൃപ്തനായിരിക്കണം, ആരോഗ്യപ്രശ്‌നത്തിലേക്ക് ഇവരെ വലിച്ചിഴക്കരുത് എന്നിവയും നിയമം ആവശ്യപ്പെടുന്നു. പാരമ്പര്യത്തെ കുറിച്ച് പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭയക്കുന്ന പക്ഷം ജനിതക കലകള്‍ കൈമാറ്റം ചെയ്യുവാനും 28 അനുച്ഛേദങ്ങളടങ്ങിയ പുതിയ നിയമം അനുവദിക്കുന്നില്ല.