സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാക്കി ലിമറിക്കിനെ മാറ്റാൻ നിക്ഷേപം നടത്തണമെന്ന് മുൻ ധനകാര്യവകുപ്പ് സെക്രട്ടറി ജനറൽ ജോൺ മോറൻ. ഡബ്ലിൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഡബ്ലിൻ 2050യുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തലസ്ഥാനമായ ഡബ്ലിനു പുറമെ മറ്റൊരു സാമ്പത്തികപ്രധാനമായ നഗരംകൂടി വേണം എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നഗരം എന്ന നിലയ്ക്ക് ഡബ്ലിൻ പല രംഗങ്ങലിലും പിന്നോട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുഗതാഗതം, ആരോഗ്യമേഖല, താമസസൗകര്യം, ജല ലഭ്യത എന്നിവയിലെല്ലാം നഗരം പിന്നിലാണ്. പല കാരണങ്ങൾ കൊണ്ടും ലിമറിക്ക് ഇപ്പോൾ തന്നെ മുമ്പിലാണ്.വാണിജ്യാടിസ്ഥാനത്തിൽ ഏറ്റവും വേഗതയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതും ലിമറിക്കിലാണ്.കോർക്കിനെ ഈ സ്ഥാനത്തേയ്ക്ക് പരിഗണിച്ചെങ്കിലും, ലിമറിക്കിനെ വൻ നഗരമാക്കി മാറ്റുന്നത് രാജ്യത്തിന്റെ വടക്കൻ മേഖലയിൽ വികസനമുണ്ടാക്കാൻ സഹായിക്കുമെന്നാണ് മോറൻ പറയുന്നത്. ക്ലെയർ, ടിപ്പററി, ഗാൽവേ, കോർക്ക് എന്നീ നഗരങ്ങൾക്കെല്ലാം അതിന്റെ ഗുണം ലഭിക്കും. ഷാനൺ എയർപോർട്ട്, ഫോയൻസ് തുറമുഖം, ഷാനൺ നദി എന്നിവയും ലിമറിക്കിനെ തെരഞ്ഞെടുക്കാൻ കാരണമായി.
ലിമറിക്കിൽ കൂടുതൽ നിക്ഷേപം നടത്തുകയും ജനങ്ങളെ അവിടേയ്ക്ക് ആകർഷിക്കുകയും വേണമെന്നും മോറൻ പറഞ്ഞു. ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, കുട്ടികളുടെ ആരോഗ്യം എന്നിവയ്ക്ക് ഇവിടെ പ്രാമുഖ്യം നൽകണം. അത്തരത്തിൽ ലിമറിക്കിനെ ഒരു പുതിയ നഗരമാക്കി മാറ്റാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.