ഡബ്ലിൻ സർക്കാരിന്റെ ബജറ്റ് അണിയറിൽ ഒരുങ്ങുന്നു; ഒക്ടോബർ 11 നു വിധി നിർണയിക്കുന്ന ബജറ്റ്

സ്വന്തം ലേഖകൻ

ഡബ്ലിൻ:അയർലണ്ടിന്റെ 2017 ബജറ്റ് ഒക്ടോബർ 11ാം തീയതി ചൊവ്വാഴ്ച അവതരിപ്പിക്കും. ജനോപകാരപ്രദമാകുന്ന ഒരുപിടി കാര്യങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ബജറ്റ് പ്രതീക്ഷകളിലേയ്ക്ക് കണ്ണോടിക്കുമ്പോൾ തെളിയുന്ന പ്രധാനപ്പെട്ടവ ഇവയാണ്:
പലതരം ടാക്‌സുകൾക്ക് ഇളവ് നൽകും എന്നാണ് ധനമന്ത്രിയടക്കമുള്ളവരുടെ ഇതുവരെയുള്ള പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത്. ഐറിഷ് സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലാണ് എന്നതാണ് ടാക്‌സ് വെട്ടിക്കുറയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.എന്നാൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ബ്രെക്‌സിറ്റ് പ്രഖ്യാപനത്തിനു ശേഷം അയർലണ്ടിന്റേയും വളർച്ചാ നിരക്ക് കുറഞ്ഞുവെന്നാണ്.ധനമന്ത്രിയ്ക്ക് അത്ര നിസാരമായി ബജറ്റിനെ ഉദാരവത്കരിക്കാൻ ആവില്ലെന്ന് തന്നെ.
അയർലണ്ടിലെ പ്രധാന വ്യവസായങ്ങളിലൊന്നായ മദ്യ വ്യവസായത്തെ സഹായിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് പ്രതീക്ഷ. ആൽക്കഹോളിന് പുതിയ ടാക്‌സൊന്നും ഏർപ്പെടുത്താൻ സാധ്യതയില്ല. അതേസമയം സിഗരറ്റിന് ചെറിയ തോതിൽ വില കൂടുവാൻ സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റിൽ സിഗരറ്റിന് 50 സെന്റ് വർദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിലവിലെ മിനിമം ശമ്പളം 9.15 യൂറോ ആണ്. ഇത് വർദ്ധിപ്പിക്കണം എന്ന് നാനാഭാഗത്തു നിന്നും ആവശ്യമുയരുന്ന സാഹചര്യത്തിൽ സർക്കാർ അതിന് മുതിർന്നേക്കും.
മോട്ടോർ ടാക്‌സ് ഈയിടെ വിവാദമായ ഏറ്റവും വലിയ വിഷയങ്ങളിലൊന്നാണ്. എന്നാൽ സ്വകാര്യ വാഹനങ്ങൾക്ക് ടാക്‌സ് ഇളവ് ഈ ബജറ്റിൽ പ്രതീക്ഷിക്കേണ്ട. അതേസമയം കൊമേഴ്‌സ്യൽ വാഹനങ്ങളുടെ ടാക്‌സ് കുറയും. സ്റ്റേറ്റ് പെൻഷൻ വർദ്ധിപ്പിക്കണം എന്ന ഫിയനാഫാളിന്റെ ആവശ്യം ഒരു പരിധി വരെ അംഗീകരിക്കപ്പെട്ടേക്കും.
ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി ഇത്തവണത്തെ ബജറ്റിൽ 50 മില്ല്യൺ യൂറോ വകയിരുത്തും. മറ്റൊരു പ്രധാന പ്രശ്‌നമായ ഭവനപ്രതിസന്ധിക്ക് തടയിടാൻ, ആദ്യമായി വീടു വാങ്ങുന്നവർക്ക് ഇൻസന്റീവ് നൽകും.
അതേസമയം വിവിധ കോണുകളിൽ നിന്നുയർന്ന ഷുഗർ ടാക്‌സ് എന്ന ആവശ്യം ഇത്തവണത്തെ ബജറ്റിൽ ഉൾപ്പെടുത്താതെ, 2018ലേയ്ക്ക് മാറ്റാനാണ് സാധ്യത.ചൈൽഡ് കെയർ സംബന്ധിച്ച നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനങ്ങളിൽ മറ്റൊന്ന്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top