സ്വന്തം ലേഖകൻ
ഡബ്ലിൻ: ശമ്പള വർധനവ് അടക്കമുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ ബസ് തൊഴിലാളികൾ നടത്താനിരുന്ന സമരം താല്കാലികമായി പിൻവലിച്ചു. ചൊവ്വയും ബുധനുമായി നടത്താനിരുന്ന സമരമാണ് നിർത്തിവയ്ക്കാൻ യൂണിയനുകൾ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. സർക്കാരുമായി ഒത്തുതീർപ്പു ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്.എന്നാൽ ചർച്ചകൾ പൂർണ്ണമായും ധാരണയിൽ എത്തിയില്ലെങ്കിൽ ശനിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന സമരം തുടരും
കഴിഞ്ഞ വർഷങ്ങളിൽ ക്ലേശങ്ങൾ അനുഭവിച്ച ഡ്രൈവർമാർക്ക് മാന്യമായ ശമ്പളം ലഭിക്കുക എന്നത് അവകാശമാണ് എന്ന് തൊഴിലാളി യൂണിയനായ എൻ.ബി.ആർ.യു വ്യക്തമാക്കി.സർക്കാർ അതിനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് യൂണിയൻ നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ഇതുവരെയുള്ള സമരം കാരണം തങ്ങൾക്ക് 4 മില്ല്യൺ യൂറോയുടെ നഷ്ടമുണ്ടായതാണ് ഡബ്ലിൻ ബസ് കമ്പനി പറയുന്നത്.കൂടുതൽ നഷ്ടത്തിലേക്ക് പോകുന്നത് തടയുക എന്ന ഉദ്ദേശത്തോടെയാണ് ജീവനക്കാരുമായി ചർച്ച നടത്തുവാൻ അവസാനം സർക്കാർ സന്നദ്ധമായത്.