
സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിനിന്റെ നോർത്തേൺ പ്രദേശത്തുണ്ടായ വെടിവെയ്പ്പിൽ 38കാരനായ യുവാവിനു ഗുരുതമായി പരുക്കേറ്റു. ഡൺ എമ്മേർ ഹൗസിങ് എസ്റ്റേറ്റിനു സമീപത്ത് കഴിഞ്ഞ ദിവസം രാവിലെ 9.50 നായിരുന്നു സംഭവം. ഡബ്ലിൻ എംപേർ പാലസിനു സമീപത്ത് വച്ച് ഇദ്ദേഹത്തിനു നിരവധി തവണ വെടിയേൽക്കുകയായിരുന്നു.
വെടിയേറ്റതിനെ തുടർന്നു ഇദ്ദേഹത്തെ ബെയിമൗണ്ട് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇദ്ദേഹം സഞ്ചരിച്ച ഫോക്‌സ് വാഗൺ പസഞ്ച് വാഹനം പരിശോധിച്ച ഫോറൻസിക് അന്വേഷണ സംഘം പ്രദേശത്തു നിന്നു സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നു ഫോക്‌സ് വാഗൺ ഗോൾഫ് വാഹനം പോകുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ചു അന്വേഷണം ആരംഭിച്ചതായും ഗാർഡാ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് പ്രദേശത്ത് കൂടുതൽ അന്വേഷണം നടത്താൻ ഗാർഡാ സംഘം തീരുമാനം എടുത്തത്.
സംഭവം നേരിട്ടു കണ്ടവരോ, ഇതു സംബന്ധിച്ചു സൂചനകൾ നൽകാൻ സാധിക്കുന്നവരോ ഉണ്ടെങ്കിൽ ഉടൻ തന്നെ ഢൺ എമേർ ഏരിയായിലെ ഗാർഡാ സ്‌റ്റേഷനിൽ വിവരം അറിയിക്കണമെന്നു ഗാർഡാ സംഘം അറിയിച്ചു.