സ്വന്തം ലേഖകൻ
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ജനസുരക്ഷയ്ക്ക് വൻതോതിൽ ഗാർഡ ഫോഴ്‌സിനെ നിയോഗിച്ചതായി അധികൃതരുടെ വെളിപ്പെടുത്തൽ.
ഡേവിഡ് ബൈറന്റെ കൊലപാതകത്തെത്തുടർന്ന് ഗ്യാങ്ങുകളെ നേരിടാൻ ഡബ്ലിൻ നഗരത്തിൽ സായുധ സുരക്ഷാസേനയുടെ 1,287 ചെക്ക്‌പോയിന്റുകൾ. ഇതിനുപുറമെ ആയുധമേന്തിയ 462 പട്രോൾ സംഘത്തെയും, 413 പേരുടെ സെർച്ച് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ഹച്ച്കിനാൻ ഗ്യാങ്ങുകളുടെ ചേരിപ്പോരുമായി ബന്ധപ്പെട്ട് ഡബ്ലിൻ മെട്രോപൊളിറ്റൻ റീജിയനിൽ (ഡി.എം.ആർ) ഈ വർഷം 4 കൊലപാതകങ്ങളാണ് നടന്നത്.
നഗരത്തിലെ ഓർഗനൈസ്ഡ് ക്രൈമുകൾ ഇല്ലാതാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ ഹൈബ്രിഡിന്റെ ഭാഗമായാണ് പുതിയ ദൗത്യസംഘങ്ങളെ നിയോഗിച്ചിരിക്കുന്നത്. ഈയിടെ കൊല്ലപ്പെട്ട ടാക്‌സി ഡ്രൈവർ എഡ്ഡി ഹച്ചു(59)മായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡിറ്റക്ടീവുകൾ രണ്ടുപേരെക്കൂടി ചോദ്യം ചെയ്തു.
ഗ്യാങ്ങുകളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളിൽ അന്വേഷണം സുഗമമായി നടന്നുവരികയാണെന്ന് അസിസ്റ്റന്റ് കമ്മിഷണർ ജാക്ക് നോലൻ പറഞ്ഞു. സുരക്ഷാകാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ നിർവ്വാഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.