സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന ഹോംലെസ് പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതികളുമായി രാജ്യത്തെ സാധാരണക്കാർ.വീടില്ലാത്തവർക്കായി പഴയ കെട്ടിടങ്ങൾ വീടാക്കിമാറ്റിയാണ് ഡബ്ലിനിലെ സാധാരണക്കാർ രാജ്യത്ത് പുതിയ വിപ്ലവം തീർക്കുന്നത്.
ഐറിഷുകാരുടെ മനുഷ്യത്വം വിളിച്ചോതുന്ന പുതിയ വാർത്ത ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായിക്കഴിഞ്ഞു. വീടില്ലാതെ കഷ്ടപ്പെടുന്ന പാവങ്ങൾക്കായി തങ്ങളുടെ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിത് വീടുകളാക്കി നൽകാനൊരുങ്ങുകയാണ് ഒരു പറ്റം ഡബ്ലിൻകാർ. രാജ്യത്ത് വീടില്ലാത്തവരുടെ എണ്ണം എന്നത്തെക്കാളും അധികമാണ് ഇപ്പോൾ എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല കുടുംബങ്ങളും തങ്ങളുടെ കാറുകളിലോ തെരുവുകളിലോ ആണ് രാത്രി കഴിച്ചുകൂട്ടുന്നത്.
2016ന്റെ ആദ്യ രണ്ടു മാസങ്ങൾക്കുള്ളിൽത്തന്നെ 208 കുടുംബങ്ങളും,363 കുട്ടികളും വീടില്ലാത്തവരാക്കപ്പെട്ടിട്ടുണ്ട്. പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിത് വീടാക്കി മാറ്റി പാവങ്ങൾക്കു നൽകാനായുള്ള 800 അപേക്ഷകൾ തങ്ങൾക്കു ലഭിച്ചതായി സിറ്റി കൗൺസിൽ പറഞ്ഞു. 1,165 പേർ വീടില്ലാത്തവർക്ക് എല്ലാവിധ സഹായങ്ങളും നൽകാനായും മുന്നോട്ടുവന്നിട്ടുണ്ട്.