ഡബ്ലിനു പിന്നാലെ കോർക്കിലും വീടുവില വർധിക്കുന്നു; ആറു മാസത്തിനിടെ വർധിച്ചത് 7.8 ശതമാനം

അഡ്വ.സിബി സെബാസ്റ്റിയൻ

ഡബ്ലിൻ: ഡബ്ലിനു പിന്നാലെ കോർക്കിലും വീടുകൾക്ക് വില വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2016ലെ ആദ്യ ആറു മാസങ്ങളിൽ 7.8%ഓളമാണ് വർദ്ധന. ഇതോടെ കോർക്ക് രാജ്യത്ത് വീടിനായി ഏറ്റവും കൂടുതൽ പണം മുടക്കേണ്ട നഗരങ്ങളിൽ അഞ്ചാം സ്ഥാനത്തെത്തി. ഡബ്ലിൻ, വിക്ക്‌ലോ, കിൽഡെയർ, മെത്ത് എന്നിവയാണ് കോർക്കിനു മുന്നിൽ.
അതേസമയം വീടുകളുടെ വിൽപ്പനയിൽ കുറവുണ്ടായെന്നും റസിഡൻഷ്യൽ പ്രോപ്പർട്ടി പ്രൈസ് റജിസ്റ്ററിന്റെ (ആർപിപിആർ) റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പനിയൽ 5%ഓളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഇതുവരെ 2,239 വീടുകളാണ് കോർക്കിൽ വിറ്റുപോയിട്ടുള്ളത്; കഴിഞ്ഞ വർഷത്തെക്കാൾ 116 എണ്ണം കുറവ്.
ഡബ്ലിനിലും വീടുകൾക്ക് വിലയേറുന്നതായാണ് റിപ്പോർട്ട് പറയുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 13% ആണ് ഡബ്ലിനിൽ വില വർദ്ധിച്ചിരിക്കുന്നത്. 2010നു ശേഷം ആദ്യമായാണ് ഒറ്റയടിക്ക് ഇത്രയും വർദ്ധനവ് സംഭവിക്കുന്നത്. അതേസമയം നഗരത്തിൽ വീടുകളുടെ ലഭ്യതക്കുറവ് തുടരുകയുമാണ്. റോസ്‌കോമണിലാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വീടുകൾ ലഭിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരാശരി 64,000 യൂറോ മുടക്കിയാൽ ഇവിടെ ഒരു വീട് വാങ്ങാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top