ഡബ്ലിനിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ പുതിയ പദ്ധതി; അരലക്ഷം ഭവനങ്ങൾ പുതുതായി നിർമിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ:ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാനായി വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഏപ്രിലിൽ രൂപീകരിച്ച ഡോൾ ഹൗസിങ് കമ്മറ്റി,അടുത്ത അഞ്ചു വർഷങ്ങളിലേയ്ക്കുള്ള ഭവന മേഖലയിൽ നടപ്പാക്കേണ്ട പ്രശ്‌നപരിഹാര റിപ്പോർട്ട് വെള്ളിയാഴ്ച സർക്കാരിന് സമർപ്പിച്ചു.മോര്ട്ട്‌ഗേജ് എടുത്ത് ജപ്തി നടപടികൾ നേരിടുന്നവരുടെ മേലുള്ള നിയമ നടപടികൾ തൽക്കാലം നിർത്തി വെച്ച് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന റിപ്പോർട്ടിലെ പ്രധാന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന കാലത്തോളം അവരെ അവിടെ തന്നെ തുടരാൻ അനുവദിക്കണം എന്നതാണ് ഏറ്റവും പ്രധാന നിർദേശം.മറ്റു നിർദേശങ്ങൾ താഴെ പറയുന്നവയാണ്.
പുതുതായി 50,000 വീടുകൾ പണി കഴിപ്പിക്കണം. ഇതിൽ 10,000 എണ്ണം വീതം ഓരോ വർഷത്തിലും പൂർത്തിയാകണം. വാടകയ്ക്ക് വീടെടുക്കുന്നവർക്കും, വീടില്ലാത്തവർക്കും നൽകിവരുന്ന സഹായധനം വർദ്ധിപ്പിക്കുക. ഒരു ഹൗസിങ് പ്രോക്യുവർമെന്റ് ഏജൻസി സ്ഥാപിക്കുക. ഇതിലെ അംഗങ്ങൾ ഹൗസിങ് ഏജൻസി, ദി നാഷണൽ ട്രഷറി മാനേജ്‌മെന്റ് ഏജൻസി(എൻടിഎംഎ), ഹൗസിങ് ഡിപ്പാർട്ട്‌മെന്റ്, ധനകാര്യ വകുപ്പ് എന്നിവയിൽ നിന്നുള്ളവരായിരിക്കണം. ഈ ഏജന്ഡസി, ഭവനപ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികളിൽ തദ്ദേശസ്ഥാപനങ്ങളെ സഹായിക്കണം. ഭവനനിർമ്മാണ പ്രവർത്തിനത്തിലേയ്ക്ക് ഓഫ് ഷീറ്റ് ബാലൻസ് പ്രക്രിയ വഴി കൂടുതൽ തുക വകയിരുത്തുക. നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നൽകാനുള്ള കാലയളവ് എട്ടു മാസത്തിൽ നിന്നും ആറു മാസമാക്കി കുറയ്ക്കുക. അനാവശ്യമായ കാലതാമസത്തിന് അറുതി വരുത്തുക.
ടിഡിയായ ജോൺ കുറാൻ ആണ് കമ്മറ്റിയുടെ ചെയർമാൻ. കമ്മറ്റിയുടെ റിപ്പോർട്ട് ഹൗസിങ് മിനിസ്റ്റർ ശ്രദ്ധയോടെ പരിഗണിക്കുമെന്ന് കരുതുന്നതായി കുറാൻ പറഞ്ഞു.
അതേസമയം ഹൗസിങ് കമ്മറ്റിയുടെ നിർദ്ദേശങ്ങൾ പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ല എന്നഭിപ്രായപ്പെട്ട ടിഡി റൂത്ത് കോപ്പിംഗർ സ്വന്തമായി റിപ്പോർട്ടുണ്ടാക്കി പ്രസിദ്ധപ്പെടുത്തി. ഹൗസിങ് കമ്മറ്റിയുടെ നിർദ്ദേശങ്ങളിൽ നിന്നും വ്യത്യസ്തമായ നിർദ്ദേശങ്ങളാണ് ഈ റിപ്പോർട്ടിലുള്ളത്. ഹൗസിങ് കമ്മറ്റിയുടെ റിപ്പോർട്ടിൽ ഭവനനിർമ്മാണത്തിനുള്ള പണം കണ്ടെത്തുന്നത് എങ്ങനെയെന്ന് പറയുന്നില്ല എന്നാണ് കോപ്പിംഗറുടെ പക്ഷം. കോപ്പിംഗർക്കു പുറമെ ചാരിറ്റി സംഘടനയായ എലോൺ ദി ഐറിഷ് സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു ചിൽഡ്രൺ (ഐഎസ്പിസിസി) എന്നിവയും കമ്മറ്റിയുടെ റിപ്പോർട്ട് നിരാശയുണ്ടാക്കുന്നതായി പ്രതികരിച്ചു.ഭവനമേഖലയിൽ പ്രവർത്തിക്കുന്ന ചാരിറ്റിയായ ദി പീറ്റർ മക്‌വെറി ട്രസ്റ്റ് റിപ്പോർട്ടിനെ സ്വാഗതം ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top