
സ്വന്തം ലേഖകൻ
ഡബ്ലിൻ:ഡബ്ലിനിലെ പ്രധാന റോഡുകളിൽ സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 30 കിലോമീറ്റർ ആക്കാനുള്ള തീരുമാനത്തിന് അംഗീകാരം. ഡബ്ലിന് സിറ്റി കൗൺസിലാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ക്രംലിൻ , റാത്തമൈൻസ് തുടങ്ങിയ സ്ഥലങ്ങളും സ്പീഡ് ലിമിറ്റ് ബാധകമാകുന്ന ഏരിയകളിൽപ്പെടും. പ്രധാന ഷോപ്പിങ്ങ് ബിസിനസ്സ് കേന്ദ്രങ്ങൾ വരുന്നതിനാലാണ് ഇവിടങ്ങളിൽ സ്പീഡ് ലിമിറ്റ് വരുന്നത്. അതോടൊപ്പം രാജ്യത്താകമാനമായി സ്പീഡ് ലിമിറ്റ് ഡിറ്റക്ഷൻ സോണുകൾ വർദ്ധിപ്പിക്കാനും ഗാർഡ നാഷ്ണൽ ട്രാഫിക് ബ്യൂറോ പദ്ധതിയിടുന്നുണ്ട്. നിലവിൽ രാജ്യത്തൊട്ടാകെ 355 സ്പീഡ് ഡിറ്റക്ഷൻ സോണുകളാണുള്ളത് ഇത് 1031 ആയി വർദ്ധിപ്പിക്കാനാണ് നീക്കം. 355 സ്പീഡ് ഡിറ്റക്ഷൻ സോണുകളും ഗാർഡയും ഗോസെയ്ഫ് ഫാനുകളും നിരീക്ഷണത്തിലാണ്. റോഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയർലണ്ടും സ്പീഡ് ലിമിറ്റ് മണിക്കൂറിൽ 30 കിലോമീറ്റർ ആക്കുന്ന നടപടിയെ ശരി വെക്കുന്നു.
ഡ്രൈവർമാരെ നിരീക്ഷിക്കാനും അപകടങ്ങൾ കുറക്കുന്നതിനുമായി റോഡുകളിൽ പുതിയതായി കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും ഗാർഡ അറിയിച്ചിരുന്നു. 2011 ഓടെ ക്യാമറകൾ സ്ഥാപിച്ചതോടെ 90 ലധികം ജീവനുകൾ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്നും അപകടനിരക്ക് കുറക്കാൻ കഴിഞ്ഞെന്നുമാണ ഗാർഡ റോഡ് സേഫ്റ്റിയുടെ അവകാശവാദം.