അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം അയർലൻഡിൽ വീണ്ടും വഴിമുട്ടുന്നു. ഫൈൻഗായേലും ഫിന്നാ ഫെയിലും തമ്മിലുള്ള സഖ്യസാധ്യതകൾ യാഥാർഥ്യമാകാതിരുന്നതിനെ തുടർന്നാണ് ഇപ്പോൾ സർ്ക്കാർ ഉണ്ടാക്കാനുള്ള ചർച്ചകളെല്ലാം വഴിമുട്ടിയിരിക്കുന്നത്.
അയർലണ്ടിൽ കൂട്ടുകക്ഷി ഭരണത്തിന് ഫിന്നാ ഫെയിലിനെ ക്ഷണിച്ച ഫൈൻഗായേൽ നേതാവ് എൻഡ കെന്നിയുടെ അഭിപ്രായം പ്രായോഗികമല്ലെന്നു ഫിന്നാ ഫെയിൽ നേതാവ് മൈക്കിൽ മാർട്ടിൻ. ഇന്ന് ഉച്ചകഴിഞ്ഞു ഇരു നേതാക്കളും സർക്കാർ രൂപീകരണം സംബന്ധിച്ച് കൂടി കാഴ്ച നടത്തിയിരുന്നു.വെറും പത്തു മിനുട്ട് മാത്രം നീണ്ടു നിന്ന കൂടികാഴ്ച്ചയ്‌ക്കൊടുവിൽ എൻഡ കെന്നിയുടെ നിർദേശത്തോട് മൈക്കിൽ മാർട്ടിൻ നേരിട്ട് തന്നെ വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു.
ഫിന്നാ ഫെയിലും, ഫൈൻ ഗായേലും ചേർന്ന് സർക്കാർ ഉണ്ടാക്കുകയെന്നത് പൊതുജനതാത്പര്യത്തിന് എതിരാണ്.മൈക്കിൽ മാർട്ടിൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഫിന്നാ ഫെയിലിന്റെ നിലപാട് തിടുക്കത്തിൽ ഉള്ളതും,നിരാശാജനകവുമാണ് എന്നാണ് ഫൈൻ ഗായേലിന്റെ പ്രതീകരണം.ചരിത്രപരമായി ഒരു തെറ്റാണ് ഇതെന്നും, ഫിന്നാ ഫെയിൽ അവസരം നഷ്ട്ടപ്പെടുത്തുകയാണ് എന്നും ഫൈൻഗായേൽ വക്താവ് അഭിപ്രായപ്പെട്ടു.
ഏതു വിധേനെയും അധികാരത്തിൽ കടിച്ചു തൂങ്ങാനുള്ള ഫൈൻഗായേലിന്റെ ആശയാണ് ഏതറ്റം വരേ താഴാനുമുള്ള അവസ്ഥയിലേയ്ക്ക് അവരെ എത്തിച്ചത് എന്നാണ് പൊതു അഭിപ്രായം.
ഫിന്നാ ഫെയിലിന്റെയോ, ഫൈൻ ഗായേലിന്റെയോ നേതൃത്വത്തിൽ ഒരു സഖ്യ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ ഫൈൻ ഗായേൽ വീണ്ടും സ്വതന്ത്രരുടെ പിന്തുണ നേടാൻ ഒരുങ്ങുകയാണ്.അതും സാധ്യമായില്ലെങ്കിൽ രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് പോകേണ്ടി വരും എന്ന സൂചനകളാണ് നിലവിലുള്ളത്.
വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് പോകുന്നതാണ് ഫൈൻഗായേലുമായി ചേർന്ന് സർക്കാർ ഉണ്ടാക്കുന്നതിനേക്കാൾ അഭികാമ്യം എന്ന നിലപാടാണ് ഫിന്നാ ഫെയിലിലെ 43 ടി ഡി മാരിൽ 35 പേർക്കുമുള്ളത്.ഇതും മാർട്ടിന്റെ ഇന്നത്തെ തീരുമാനത്തിന് കാരണമായി.