സ്വന്തം ലേഖകൻ
ഡബ്ലിൻ: ആർക്കും ഭൂരിപക്ഷമില്ലാത്ത ആയർലൻഡിൽ സർക്കാർ രൂപീകരണ ശ്രമങ്ങളെല്ലാം പാളിയതായി സൂചന. തിരഞ്ഞെടുപ്പിനൊരുങ്ങാൻ അണികളോടു നിർദേശിച്ച ലേബർ പാർട്ടി നേതാക്കളുടെ പ്രസ്താവന പുറത്തു വന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള സൂചനകൾ സജീവമായത്. വീണ്ടും ഒരു ഇലക്ഷൻ വന്നേക്കാമെന്നും അതിന് ഒരുങ്ങിയിരിക്കണമെന്നും അറിയിച്ചുകൊണ്ട് ലേബർ പാർട്ടി നേതാക്കൾക്ക് പാർട്ടി നേതാവും കാവൽ ഉപപ്രധാനമന്ത്രിയുമായ ജൊവാൻ ബർട്ടന്റെ ഇമെയിൽ സന്ദേശം പുറത്തു വന്നതാണ് ഇപ്പോഴത്തെ ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ. വീണ്ടുമൊരു ഇലക്ഷനെ തള്ളിക്കളയുന്നതല്ല എന്നാണ് ബർട്ടന്റെ പക്ഷം.
ഫൈൻഗായേലുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത ചർച്ചയിൽ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ പിന്തുണയ്ക്കാമെന്നും, സർക്കാരിൽ പങ്കാളികളാകാമെന്നുമായിരുന്നു ബർട്ടന്റെ നിലപാട്. എന്നാൽ വീണ്ടും ഫൈൻഗായേലുമായി കക്ഷി ചേരുന്നത് അപമാനകരമാണ് എന്നായിരുന്നു അണികളുടെ പ്രതികരണം. തുടർന്നാണ് ബർട്ടന്റെ ഇമെയിൽ സന്ദേശം പുറത്തുവന്നിരിക്കുന്നത്.
ഫിന്നാഫെയിൽ ഫൈൻഗായേലിനെ പിന്തുണയ്ക്കുമെങ്കിലും സർക്കാരിൽ കക്ഷിയാകാൻ താൽപര്യം പ്രകടിപ്പിക്കാത്തതും, സിൻ ഫെയ്ൻ, സ്വതന്ത്രർ എന്നിവരുമായി ഫൈൻഗായേലിനു ധാരണയിലെത്താൻ കഴിയാത്തതുമാണ് രണ്ടാമതും ഇലക്ഷൻ വന്നേക്കും എന്ന് ചിന്തിക്കാൻ ബർട്ടനെ പ്രേരിപ്പിച്ചിരിക്കുന്നത്. പുറമെ വാട്ടർ ചാർജ്ജിന്റെ കാര്യത്തിൽ ഫിന്നാഫെയിലുമായി ഫൈൻഗായേലിനു ധാരണയിലെത്താൻ കഴിയാത്തതും ഇങ്ങനെ വിശ്വസിക്കാൻ ബർട്ടനെ പ്രേരിപ്പിക്കുന്നുണ്ട്. എങ്കിലും പാർട്ടി അണികളുടെ സമ്മതത്തോടെ ഫൈൻഗായേൽ രൂപീകരിക്കുന്ന സർക്കാരിൽ പങ്കു ചേരുന്നത് പരിഗണിക്കണം എന്നും അവർ പറയുന്നു. ഇതിനെല്ലാം പുറമെ സോഷ്യൽ ഡെമോക്രാറ്റ്‌സും ഗ്രീൻ പാർട്ടിയുമായിച്ചേർന്ന് പ്രതിപക്ഷത്തിരുന്ന് ജനങ്ങളുടെ നല്ലതിനു വേണ്ടി പ്രവർത്തിക്കാം എന്ന നിർദ്ദേശവും ബർട്ടൻ മുന്നോട്ടു വച്ചിട്ടുണ്ട്. പ്രതികരിച്ചവരിൽ 90% അണികളും ഈ നിർദ്ദേശത്തെയാണ് പിന്തുണയ്ക്കുന്നത്.