ഡബ്ലിന്‍: ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നത് അയര്‍ലന്‍ഡിലെന്നു റിപ്പോര്‍ട്ട്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അയര്‍ലന്‍ഡിലെ വിവിധ ആശുപത്രികളിലെ ഏറ്റവും മോശം കാത്തിരിപ്പു സമയത്തെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചത്.
യൂറോപ്പിലെ 35 രാജ്യങ്ങളിലെ കണക്കുകള്‍ പ്രകാരം മൈനര്‍ ഓപ്പറേഷനും, സിടി സ്‌കാനിനുമായി ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്നതും അയര്‍ലന്‍ഡിലാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യൂറോ ഹെല്‍ത്ത് കണ്‍സ്യൂമര്‍ ഇന്‍ഡെക്‌സിന്റെ കണക്കുകള്‍ പ്രകാരം യൂറോപ്പില്‍ ഐറിഷ് ഹെല്‍ത്ത് സിസ്റ്റത്തിനു 21-ാം റാങ്കാണ് ലഭിച്ചിരിക്കുന്നത്. 2014 ലേതില്‍ നിന്നും ഒരു പടി ഉയര്‍ന്ന റാങ്കാണ് ഇത്തവണ അയര്‍ലന്‍ഡ് ആരോഗ്യ വിഭാഗത്തിനു ലഭിച്ചിരിക്കുന്നത്. എന്നാല്‍, 2013 ലെ 14 -ാം റാങ്കില്‍ നിന്നാണ് ഈ പതനം ആരോഗ്യ വിഭാഗത്തിനു ഉണ്ടായിരിക്കുന്നത്.
നെതര്‍ലന്‍ഡും സ്വിറ്റ്‌സര്‍ലന്‍ഡും ഒന്നാം സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ പട്ടിണി രാജ്യങ്ങളായ മാസിഡോണിയ, ക്രൊയേഷ്യ, സ്സൊവേനിയ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് അയര്‍ലന്‍ഡിന്റെ സ്ഥാനം. ഓരോ രാജ്യത്തെയും ആരോഗ്യ മേഖലയിലെ 48 ഇനങ്ങളെ വിലയിരുത്തിയ ശേഷമാണ് ഹെല്‍ത്ത് ഇന്‍ഡെക്‌സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. രോഗികളുടെ അവകാശം, ചികിത്സ നേടുന്നതിനുള്ള സൗകര്യം, ട്രീറ്റ്‌മെന്റ് രീതികള്‍, മരുന്നുകളും, സേവനത്തിന്റെ ഭാവവും തുടങ്ങിയ വിവിധ ഇനങ്ങളാണ് പരിശോധനാ വിധേയമാക്കുന്നത്.