അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: എഴുപതു ദിവസങ്ങളിലെ അനിശ്ചിതത്വത്തിനവസാനം കുറിച്ച് കൊണ്ട് എൻഡ കെന്നിയുടെ നേതൃത്വത്തിൽ അയർലണ്ടിൽ മൈനോറിറ്റി സർക്കാർ നിലവിൽ വന്നേക്കും.ഇന്ന് ചേരുന്ന ഡോൾ യോഗത്തിൽ കെന്നി പുതിയ മന്ത്രിസഭ രൂപീകരിക്കുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് 12 മണി മുതലാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള സമ്മേളനം ആരംഭിക്കുക.നാല് മണിയോടെ വോട്ടെടുപ്പ് നടക്കും.
മൂന്നു സീനിയർ മന്ത്രിസ്ഥാനങ്ങളും, മൂന്ന് ജൂനിയർ മന്ത്രിസ്ഥാനങ്ങളും സ്വതന്ത്ര ടി.ഡിമാർക്ക് നൽകാനും ധാരണയായിട്ടുണ്ട്. ചർച്ചകൾ ഇന്നലെ രാത്രി വൈകി അവസാനഘട്ടത്തിലായിരുന്നു. ഇന്നലെ നടന്ന യോഗത്തിനു ശേഷം 10 സ്വതന്ത്ര ടി.ഡിമാർ കെന്നിയെ പിന്തുണയ്ക്കുമെന്നാണ് വാർത്താവൃത്തങ്ങൾ നൽകിയ സൂചന.ഫിന്നാഫെയിൽ സ്വീകരിച്ചത് പോലെ ഒരു കരാർ സ്വതന്ത്രരുമായും ഫൈൻഗായേൽ ഒപ്പ് വെയ്‌ക്കേണ്ടി വന്നു.
സ്വതന്ത്രരുടെ സമ്മർദത്തീന്റെ ഭാഗമായി ചില ഏതാനും റൂറൽ ഗാർഡ സ്റ്റേഷനുകൾ വീണ്ടും തുറക്കാൻ ധാരണയായിട്ടുണ്ട്.ആറ് റൂറൽ ഗാർഡ സ്റ്റേഷനുകൾ വീണ്ടും തുറക്കാനാണ് ഇന്നലെ സ്വതന്ത്രരും ഫൈൻഗായേലും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായത്. ഇവ ഏതെല്ലാമാണെന്ന് ഗാർഡ ഇൻസ്പക്ടറേറ്റിന്റെ റിപ്പോർട്ട് കിട്ടിയ ശേഷം അറിയിക്കും.
മോർട്ട്‌ഗേജ് നിരക്കുകൾ പുനഃപരിശോധിക്കാനായി സമിതിയെ നിയമിക്കണമെന്ന ക്യംപെയ്‌നറായ ഡേവിഡ് ഹാളിന്റെ നിർദ്ദേശവും പരിഗണിക്കപ്പെട്ടിട്ടുണ്ട്. സ്വതന്ത്ര ടി.ഡി ജോൺ ഹല്ലിഗന്റെ നിർദ്ദേശപ്രകാരം വാട്ടർഫോർഡ് ഹോസ്പിറ്റലിലെ കാർഡിയാക് വിഭാഗം സൗകര്യങ്ങൾ പരിശോധിക്കാനും ധാരണയായി. ഇതോടെ സ്വതന്ത്ര ടി.ഡമാരായ ഡെനിസ് നോട്ടൻ, മൈക്കൽ ഹാർട്ടി, നോയൽ ഗ്രീലിഷ്, മാറ്റീ മക്ഗ്രാത്ത് എന്നിവരും മറ്റ് ആറു സ്വതന്ത്രർ ചേർന്ന് രൂപീകരിച്ച സഖ്യവും കെന്നിയെ പിന്തുണയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.